മാവോയിസ്റ്റ് നേതാക്കളില്‍ രണ്ടാമനായ രമണ്ണ അന്തരിച്ചു

റായ്പൂര്‍: മാവോയിസ്റ്റ് നേതാക്കളില്‍ രണ്ടാമനായ രമണ്ണ(56) അന്തരിച്ചു. ഛത്തീസ്ഗഡിലെ ബസ്തര്‍ വനത്തിനകത്ത് വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. രഘുനാഥ് ശ്രീനിവാസ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ നിരവധി ഏറ്റുമുട്ടലുകളുടെ നേതൃത്വം വഹിച്ച രമണ്ണയുടെ തലയ്ക്ക് 40 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ദന്തേവാഡയിലെ ചിന്താല്‍നറില്‍ 76 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട 2010 ഏപ്രില്‍ ആറിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു.

രമണ്ണയുടെ നേതൃത്വത്തില്‍ 2014 മാര്‍ച്ച് 11 ന് സുക്മ ജില്ലയിലെ ജീറും നുല്ലാ ജില്ലയില്‍ നടത്തിയ ആക്രമണത്തില്‍ 16 സുരക്ഷാ ജീവനക്കാര്‍ക്കാണ് കൊല്ലപ്പെട്ടത്. 2017 ഏപ്രിലില്‍ സുക്മ ജില്ലയിലെ ബുര്‍കപാലില്‍ 25 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇയാളായിരുന്നു.

തെലങ്കാനയിലെ മദ്ദൂര്‍ മണ്ഡലത്തിലെ ബെക്കല്‍ സ്വദേശിയായ ഇദ്ദേഹം സിപിഐ മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗവും മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെയും സെക്രട്ടറിയായിരുന്നു.

മാവോയിസ്റ്റുകളുടെ ബസ്തറിലെ കിസ്താരാം ഏരിയ കമ്മിറ്റി സെക്രട്ടറി സോധി ഇദിമി ആണ് ഭാര്യ. ഇവരുടെ മകനായ രഞ്ജിത്ത് എന്നറിയപ്പെടുന്ന ശ്രീകാന്ത് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല സൈന്യത്തിലെ അംഗമാണ്.

Top