നിലമ്പൂര്‍: നിലമ്പൂര്‍ കാട്ടിലെ ട്രൈ ജംങ്ഷനില്‍ നടത്തിയ മാവോയിസ്റ്റ് രക്തസാക്ഷികളുടെ അനുസ്മരണ യോഗത്തിന്റെ ശബ്ദരേഖ പുറത്ത്.
സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കരുളായി ഉള്‍വനത്തിലെ വരയന്‍ മലയുടെ താഴ്‌വാരത്തിലെ ബേസ് ക്യാമ്പിലാണ് യോഗം നടത്തിയത്. യോഗത്തില്‍ മലയാളികളായ മാവോയിസ്റ്റ് രക്തസാക്ഷികളെ അനുസ്മരിച്ച് വയനാട് സോമന്‍ നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് ലഭിച്ചത്.
കഴിഞ്ഞ ജൂലൈ 28ലെ മാവോയിസ്റ്റ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായാണ് മലയാളികളായ രക്തസാക്ഷികളെ സോമന്‍ അനുസ്മരിച്ചത് എന്നാണ് കരുതുന്നത്. മുഴുവന്‍ മലയാളി രക്തസാക്ഷികളെക്കുറിച്ചുള്ള ചരിത്രമോ രേഖയോ കൈവശമില്ലെന്ന സ്വയം വിലയിരുത്തലും നടത്തുന്നുണ്ട്.
തിരുനെല്ലി കാട്ടില്‍ കൊല്ലപ്പെട്ട പുല്‍പള്ളിയിലെ കുടിയേറ്റ കര്‍ഷകന്‍ കിസാന്‍ തൊമ്മനാണ് കേരളത്തിലെ മാവോയിസ്റ്റ് പോരാട്ടത്തിലെ ആദ്യ രക്തസാക്ഷി.
പുല്‍പ്പളളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണവും തലശേരി ആക്ഷനും കഴിഞ്ഞ് സഖാക്കള്‍ തിരുനെല്ലി കാട്ടില്‍ ഒത്തുചേരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തലശേരി ആക്ഷന്‍ പരാജയപ്പെട്ടു. യോഗം ചേരുന്നതിനിടെ കൈയിലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചുവെക്കാന്‍ മരക്കൊമ്പില്‍ തൂക്കിയിടുന്നതിനിടെ അവ താഴെവീണുണ്ടായ സ്‌ഫോടനത്തില്‍ കിസാന്‍ തൊമ്മന് ഗുരുതരമായി പരിക്കേറ്റു. ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്നും കാടിനു പുറത്തുകൊണ്ടുപോയി ചികിത്സിച്ചു രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും മനസിലായതോടെ സഖാവ് തൊമ്മന്‍ മറ്റു സഖാക്കളോട് തന്നെ വെടിവെച്ച് കൊന്ന് രക്ഷപ്പെടാന്‍ പറയുകയായിരുന്നു. നിര്‍ബന്ധത്തെ തുടര്‍ന്ന് പാര്‍ട്ടി തീരുമാനപ്രകാരം ഒരു സഖാവു തന്നെ തൊമ്മനെ വെടിവെച്ചു കൊല്ലുകയായിരുന്നു.
കുറ്റ്യാടി പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ട കീഴ്പള്ളി വേലായുധനാണ് രണ്ടാമത്തെ രക്തസാക്ഷി. ഭൂരഹിത കുടിയേറ്റക്കാരനായിരുന്നു എന്നു മാത്രമാണ് വിവരം. സഖാവ് വേലായുധനെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും അറിയില്ല.
വയനാട്ടില്‍ അടിയോരുടെ പെരുമനായിരുന്ന ആദ്യം സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിച്ച പിന്നീട് മാവോയിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന സഖാവ് വര്‍ഗീസാണ് മൂന്നാമത്തെ രക്തസാക്ഷി. തിരുനെല്ലി കാട്ടില്‍ വെച്ച് പിടികൂടി 1969 ഫെബ്രുവരി 18ന് കണ്ണ് ചൂഴ്‌ന്നെടുത്താണ് പൊലീസ്
വര്‍ഗീസിനെ വെടിവെച്ചു കൊന്നത്.
അടിയന്തിരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ക്യാമ്പില്‍ മര്‍ദ്ദിച്ചു കൊന്ന സഖാവ് വര്‍ക്കല വിജയനാണ് മറ്റൊരു രക്തസാക്ഷി. വിജയന്റെ ശവം എന്തു ചെയ്‌തെന്നറിയില്ല. കത്തിച്ചുകളഞ്ഞോ, കുഴിച്ചിട്ടോ എന്നതു സംബന്ധിച്ചും വിവരമൊന്നുമില്ല.
കോഴിക്കോട് ആര്‍.ഇ.സി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജനാണ് അഞ്ചാമത്തെ രക്തസാക്ഷി. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന സഖാവ് മുരളി കണ്ണമ്പള്ളിയെ തേടിയായിരുന്നു പൊലീസെത്തിയത്. എന്നാല്‍ പ്രസ്ഥാനവുമായി സഹകരിച്ചിരുന്ന രാജനെയാണ് കിട്ടിയത്. രാജനെ മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു.
കോണിച്ചിറയില്‍ ജന്‍മിയെ ഉന്‍മൂലനം ചെയ്ത ഓപ്പറേഷനില്‍ പങ്കെടുത്ത് വെടിയേറ്റു മരിച്ച ടി.കെ രാജനാണ് ആറാമത്തെ രക്‌സസാക്ഷി. മുന്‍കൂട്ടി സ്ഥലവും സമയവും അറിയിച്ചായിരുന്നു കോണിച്ചിറ ഓപ്പറേഷന്‍. പൊലീസ് കാവല്‍ നിന്നിട്ടും ആക്ക്ഷനില്‍ ജന്‍മിയെ ഉന്‍മൂലനം ചെയ്തു. ആക്ഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ പൊലീസ് പിന്തുടര്‍ന്നെത്തി നടത്തിയ വെടിവെപ്പിലാണ് രാജന്‍ കൊല്ലപ്പെട്ടത്.
അടിയന്തിരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പിലെ പെട്രോള്‍ കാനില്‍ തീപ്പട്ടി ഉരച്ച് കത്തിച്ച് ആത്മാഹൂതി നടത്തിയ അങ്ങാടിപ്പുറം ബാലകൃഷ്ണന്‍. ഒപ്പമുണ്ടായിരുന്ന ഡിവൈ.എസ്.പി സുബ്രഹ്മണ്യനെ ചേര്‍ത്തുപിടിച്ച് ഒരു ശത്രുവിനെക്കൂടി സഖാവ് ഉന്‍മൂലനം ചെയ്തുവെന്നും അനുസ്മരിച്ചു. പ്രവര്‍ത്തനത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റും തുടര്‍ന്ന് രോഗബാധിതരായും കാട്ടില്‍ അസുഖം വന്നു മരിച്ചവരെയും രക്തസാക്ഷികളായി കണ്ട് അനുസ്മരിക്കുന്നുണ്ട്.
നിലമ്പൂര്‍ ട്രൈ ജംങ്ഷന്‍ പ്രവര്‍ത്തനവുമായെത്തി നിലമ്പൂരിലെത്തി പൊലീസ് പിടിയിലായി മര്‍ദ്ദനമേറ്റും പിന്നീട് കാന്‍സര്‍ ബാധിച്ചു മരിച്ച സഖാവ് സിനിക്, സിപി.ഐ.എം നക്‌സല്‍ ബാരിയില്‍ നിന്ന് സിപി.ഐ മാവോയിസ്റ്റിലെത്തിയ മലമ്പുഴയിലെ സഖാവ് രവീന്ദ്രന്‍ എന്നിവരേയും അനുസ്മരിച്ചു.
കര്‍ണാടക കൊടക് ജില്ലയിലെ പ്രവര്‍ത്തനത്തിനിടെ എലിപ്പനി ബാധിച്ചാണ് രവീന്ദ്രന്‍ മരിച്ചത്. രാജന്‍, കബീര്‍ദാസ്, ഏറ്റമല കൃഷ്ണന്‍കുട്ടി എന്നിവരെയും ട്രൈ ജംങ്ഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കാട്ടില്‍ കൊല്ലപ്പെട്ട മലയാളികളല്ലാത്ത നവീന്‍, എല്ലപ്പ, ദിനകര്‍ എന്നിവര്‍ക്കും മാവോയിസ്റ്റുകള്‍ റെഡ് സല്യൂട്ട് നല്‍കുന്നതായ സംഭാഷണമാണ് പുറത്തായത്.
മാവോയിസ്റ്റ് നേതാക്കളുടെ രക്തസാക്ഷി അനുസ്മരണ ശബ്ദരേഖ ചുവടെ