കോഴിക്കോട്: കോഴിക്കോട് പെരുവയലില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാക്കള്‍ക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന. ഇതേ തുടര്‍ന്ന് യുവാക്കളുടെ വീട്ടില്‍ എന്‍ഐഎ പരിശോധന നടത്തി. വയനാട്, പാലക്കാട് സ്വദേശികളായ മൂന്നു പേര്‍ താമസിക്കുന്ന പരിയങ്ങാട്ടെ വാടക വീട്ടിലായിരുന്നു കൊച്ചി യൂണിറ്റിന്റെ പരിശോധന.
വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി.ജലീലിന്റെ പാണ്ടിക്കാട്ടെ വീട്ടിലും പൊലീസ് പരിശോധന തുടരുകയാണ്. ഒന്നര വര്‍ഷം മുന്‍പാണ് വയനാട് സ്വദേശികളായ രണ്ട് യുവാക്കളും പാലക്കാട്ടുകാരനും പെരുവയലിലെത്തിയത്. വിവിധ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് മൂന്നുപേരും സ്വകാര്യ ട്യൂഷന്‍ സെന്റര്‍ നടത്തുകയായിരുന്നു.
പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ യുവാക്കള്‍ നല്‍കിയ മൊഴിയിലും പെരുവയലിലെ വാടക വീട് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളുണ്ടെന്നാണ് വിവരം ലഭിച്ചത്. വീട്ടിലുണ്ടായിരുന്ന വയനാട്ടിലെ രണ്ട് യുവാക്കളെ വിശദമായി ചോദ്യം ചെയ്തു. ലോക്ഡൗണ്‍ കാലയളവിലുള്‍പ്പെടെ രാത്രികാലങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ ഇവിടേക്കെത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവരില്‍ നിന്ന് ചില പ്രസിദ്ധീകരണങ്ങളും സിം കാര്‍ഡും ലഘുലേഖകളും കണ്ടെടുത്തുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.