ട്രൈ ജങ്ഷനില്‍ പുതിയ ബേസ് ക്യാമ്പ് തുറന്ന് മാവോയിസ്റ്റുകള്‍; ലക്ഷ്യം സുരക്ഷാ സേനകള്‍

ന്യൂഡല്‍ഹി: ആന്ധ്രയില്‍ ടി.ഡി.പി എം.എല്‍.എയെയും മുന്‍ എം.എല്‍.എയെയും കൊലപ്പെടുത്തി ശക്തിതെളിയിച്ച നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റ്, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ അതിര്‍ത്തിപങ്കിടുന്നിടുന്ന ട്രൈ ജംങ്ഷനില്‍ പുതിയ ബേസ് ക്യാമ്പ് സ്ഥാപിച്ചെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് വേട്ടനടത്തുന്ന സുരക്ഷാസേനയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കൊരുങ്ങുകയാണ് ഇടതു തീവ്രവാദ സംഘടനയെന്ന അതീവ ഗൗരവകരമായ റിപ്പോര്‍ട്ടാണ് കേന്ദ്ര ഐ.ബി, ആഭ്യന്തരമന്ത്രാലയത്തിനു നല്‍കിയിട്ടുള്ളത്.

മാവോയിസ്റ്റുകള്‍ ശക്തമായ ചത്തീസ്ഗഡിനു പുറമെ മഹാരാഷ്ട്രയിലും മധ്യപ്രദേശിലും സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. ഗോണ്ടിയ, രജനാന്ത്‌ഗോണ്‍, ബാല്‍ഗാട്ട് ഡിവിഷനുകളിലെ 100 അതിര്‍ത്തിഗ്രാമങ്ങളിലെ ഗ്രാമീണരെ ഉള്‍പ്പെടുത്തി ജനകീയ സേനക്കും രൂപം നല്‍കുന്നുണ്ട്.

മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ട്രൈ ജംങ്ഷനില്‍ സംയോജിച്ച് പുതിയ നിരവധി പരിശീലന ക്യാമ്പുകള്‍ക്കും തുടക്കമിട്ടുകഴിഞ്ഞു. ട്രൈ ജംങ്ഷനിലെ മാവോയിസ്റ്റ് നീക്കങ്ങള്‍ അതിസൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സുരക്ഷാസേനയെ ഇവിടേക്ക് നിയോഗിക്കാനുള്ള പഴുതുണ്ടോ എന്നും പരിശോധിക്കുന്നതായി ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ശക്തികേന്ദ്രമായ ദണ്ഡേവാഡ, സുക്മ എന്നിവക്ക് പുറമെ മധ്യപ്രദേശിലെ ബാല്‍ഗാട്ട്, ഛത്തീസ്ഗഡിലെ രജനാന്ത്‌ഗോണ്‍, മഹാരാഷ്ട്രയിലെ ഗോണ്ടിയ എന്നീ അതിര്‍ത്തി ജില്ലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത് സുരക്ഷാസേനയെ ആക്രമിക്കാനും അക്രമണത്തിനു ശേഷം സുരക്ഷിതമായി രക്ഷപ്പെടാനുമാണ്.

maoist

അടുത്തിടെ ചത്തീസ്ഗഡ്, മഹാരാഷ്ട്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ സുരക്ഷാസേന മാവോയിസ്റ്റ് വേട്ട ശക്തമാക്കിയിരുന്നു. ചെറിയ ആക്ഷന്‍ ഗ്രൂപ്പുകളെയും മാവോയിസ്റ്റ് ഏരിയാ കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കളെയും സുരക്ഷാസേന കൊലപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ വിസകന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്. മാവോയിസ്റ്റുകള്‍ ശക്തമായ ചത്തീസ്ഗഡിസെ സുക്മ ജില്ലയില്‍ ഗ്രമീണരുടെ യോഗം വിളിച്ച മാവോയിസ്റ്റുകള്‍ പെന്റ ഗ്രാമത്തിലെ വൈദ്യുതി നിലയം തകര്‍ക്കാനും റോഡ് നിര്‍മ്മാണ സാമഗ്രികള്‍ പിിടിച്ചെടുക്കാനും വാഹനങ്ങള്‍ തകര്‍ക്കാനും തങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ചത്തീസ്ഗഡിലെ ദന്തേവാഡ അടക്കമുള്ള ശക്തികേന്ദ്രത്തിനു പുറമെ മാവോയിസ്റ്റുകള്‍ നടത്തിയ പ്രധാന ഓപ്പറേഷനാണ് ആന്ധ്രയിലെ ടി.ഡി.പി എം.എല്‍.എയെയും മുന്‍ എം.എല്‍.എയെയും കൊലപ്പെടുത്തിയത്. സെപ്തംബറിലാണ് അരക് മണ്ഡലത്തിലെ എം.എല്‍.എ കിടാവി സര്‍വേശ്വര റാവുവിനെയും മുന്‍ എം.എല്‍.എ ശിവേരി സോമയെയും കൊലപ്പെടുത്തിയത്. ചത്തീസ്ഗഡിലേതിനു സമാനമായി ഓഡീഷ ആന്ധ്ര അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ സുരക്ഷാ ഇടനാഴി തീര്‍ത്തിരിക്കുന്നുവെന്നതാണ് ഇന്റലിജന്‍സ് ഏജന്‍സികളെ ഭയപ്പെടുത്തുന്നത്.

maoists

കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മധ്യ, വടക്കുകിഴക്കന്‍ മേഖലകളിലേക്കും മാവോയിസ്റ്റുകള്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആധുനിക ആയുധങ്ങളുമായി സുരക്ഷാസേനക്കെതിരെ പൊരുതുന്ന മാവോയിസ്റ്റുകള്‍.

Top