Maoist-threat-alert-in-police-station

മലപ്പുറം: മാവോയിസ്റ്റ് കേന്ദ്രകമ്മറ്റിയംഗം കുപ്പുദേവരാജ് ഉള്‍പ്പെടെ രണ്ട് മാവോയിസ്റ്റുകള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളര്‍ക്ക് സംരക്ഷണം നല്‍കാനും ജാഗ്രത പാലിക്കാനും ഐബി നിര്‍ദ്ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് സോണ്‍ എഡിജിപി, തൃശ്ശൂര്‍ റേഞ്ച് ഐജി, കണ്ണൂര്‍ റേഞ്ച് ഐജി, മലപ്പുറം എസ്പി നിലമ്പൂര്‍ ഡിവൈഎസ്പി എന്നിവരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

കമാന്‍ഡോ സുരക്ഷ വേണ്ടതില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാടിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ സുരക്ഷയ്ക്കായി സായുധ പൊലീസിനെയാണ് നിയോഗിച്ചിരിക്കുന്നത്. നിലവിലുള്ള ഗണ്‍മാനും മറ്റും പുറമെയാണിത്.

ഈ ഉദ്യോഗസ്ഥരുടെ ക്യാംപ് ഓഫീസുകളിലും ഓഫീസുകളിലും പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുന്നതിനായുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
ക്യാംപ് ഓഫീസിന് ചുറ്റും കമ്പിവേലി കെട്ടാനും സിസിടിവികള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

സന്ദര്‍ശകരെ പോലും പ്രത്യേകം പരിശോധിച്ചേ ഇനി അകത്തേക്ക് കടത്തിവിടു. കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഫോറസ്റ്റ് ഓഫീസ്, പൊലീസ് സ്റ്റേഷനുകള്‍ എന്നിവയ്ക്കും പ്രത്യേക സുരക്ഷയൊരുക്കും.

വെടിവെപ്പിന് തിരിച്ചടിയായി മാവോയിസ്റ്റുകള്‍ മിന്നലാക്രമണത്തിന് തയ്യാറെടുക്കുന്നതായാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

വെടിവെപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സുരക്ഷ ഉറപ്പാക്കാനുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളടങ്ങിയ ഡിജിപിയുടെ സര്‍ക്കുലറിന് തൊട്ട് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും വലിയ സുരക്ഷയൊരുക്കുന്നത്.

രാത്രികാലങ്ങളില്‍ പൊലീസ് സ്റ്റേഷനുകളുടെ പിന്‍വശത്തെ വാതിലുകളും ഗ്രില്ലുകളും അടച്ചുപൂട്ടണം. മുന്നില്‍ ഗ്രില്ലുകളുണ്ടെങ്കില്‍ അത് അടയ്ക്കണം. സ്റ്റേഷന്‍ പരിസരത്ത് മതിയായ വെളിച്ച സംവിധാനം ഒരുക്കണം. വയര്‍ലെസ് സെറ്റുകളും ഫോണുകളും അടക്കമുള്ള വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രാത്രി സമയത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കണം എന്നിങ്ങനെയാണ് ഡിജിപി സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍.

അതേസമയം കാളികാവ് പുല്ലങ്കോട് എസ്‌റ്റേറ്റില്‍ ഇന്നു രാവിലെ മാവോയിസ്റ്റുകളെ കണ്ടതായി എസ്‌റ്റേറ്റ് തൊഴിലാളികള്‍ അറിയിച്ചത് സ്ഥിതിഗതികള്‍ വീണ്ടും ഗൗരവമാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ തണ്ടര്‍ബോള്‍ട്ടിനെ തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്.

ഒരു സാധാരണ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടാല്‍ പോലും വലിയ രൂപത്തില്‍ പ്രത്യാക്രമണം നടത്തുന്ന മാവോയിസ്റ്റുകള്‍ കേന്ദ്രകമ്മറ്റിയംഗം തന്നെ വെടിവെപ്പില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഏത് തരത്തിലുള്ള പ്രത്യാക്രമണമാണ് നടത്തുകയെന്ന കാര്യത്തില്‍ പരക്കെ ആശങ്കയുണ്ട്.

നിലമ്പൂര്‍ വനത്തിനുള്ളില്‍ തന്നെ ആയുധമേന്തിയ 20തോളം മാവോയിസ്റ്റുകളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്ന സ്ഥിതിക്ക് ഇപ്പോള്‍ മരിച്ച രണ്ട് പേരൊഴികെ മറ്റ് 18 പേരും എകെ 47 അടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ സഹിതം വനത്തിനുള്ളില്‍ തന്നെയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top