കല്‍പ്പറ്റ: വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സേനയെ നിയോഗിച്ചു.
മാനന്തവാടി കമ്പമലയില്‍ ആയുധധാരികളായ എട്ടംഗസംഘം വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായ തൊഴിലാളികളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ സന്നാഹം.
വയനാട്,കണ്ണൂര്‍,ഇടുക്കി,പാലക്കാട്,തൃശ്ശൂര്‍ ജില്ലകളിലെ കാടിനോട് ചേര്‍ന്ന പ്രദേശങ്ങളിലെ പോളിങ് ബൂത്തുകളിലാണ് കേന്ദ്ര സേനയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുള്ളത്.
പൊലീസിന്റെ പ്രത്യേക പെട്രോളിങ് ഇവിടങ്ങളില്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മാവോയിസ്റ്റ് വേട്ടക്കായി നിയോഗിക്കപ്പെട്ട തണ്ടര്‍ ബോള്‍ട്ട് സേനയെ കാടുകളില്‍ തിരച്ചിലിനായും നിയോഗിച്ചിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വോട്ടര്‍മാര്‍ ബൂത്തുകളിലെത്താന്‍ ഭയക്കുമെന്നതിനാല്‍ ജില്ലാ വരണാധികാരികള്‍ മാവോയിസ്റ്റ് സാന്നിധ്യം നേരത്തെ സ്ഥിരികരിച്ച പ്രദേശങ്ങളിലെ ബുത്തുകളില്‍ നേരിട്ടാണ് നിരീക്ഷണം നടത്തുന്നത്.
അതേസമയം കമ്പമലയില്‍ കാണപ്പെട്ട 8 അംഗ സംഘത്തില്‍ നാല് പേര്‍ സ്ത്രീകളാണെന്ന് പൊലീസും ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
120 കമ്പനി കേന്ദ്രസേനയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ആകെ നിയോഗിച്ചിരിക്കുന്നത്. മലബാര്‍ മേഖലയിലണ് കൂടുതല്‍ സേനയെ വിന്യസിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് കേന്ദ്രസേനയും പൊലീസും കൂടുതലുള്ളത്. 52000 പൊലീസുകാരാണ് സുരക്ഷാ ചുമതലയില്‍ പങ്കാളികളാകുന്നത്.
ഇതിനുപുറമെ ഐജിമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും നേതൃത്വത്തില്‍ പ്രത്യേക ഫ്‌ളൈയിംഗ് സ്‌ക്വാഡുകളുമുണ്ട്. വീഡിയോ റിക്കോര്‍ഡിങ്ങുമുണ്ടാകും. പ്രശ്‌നസാധ്യത മേഖലകളിലും തീരദേശങ്ങളിലും കേന്ദ്രസേനയും പൊലീസും കഴിഞ്ഞ ദിവസം റൂട്ട് മാര്‍ച്ചും നടത്തിയിരുന്നു.