മാവോയിസ്റ്റ് കൊല; സത്യാവസ്ഥ ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : അട്ടപ്പാടിയിലെ മാവോയിസ്റ്റ് കൊലപാതകങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷം നിയമസഭയില്‍.

നിയമസഭയില്‍ ശൂന്യവേളയുടെ തുടക്കത്തിലാണ് മാവോയിസ്റ്റ് കൊല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ഉന്നയിച്ചത്. സംഭവ സ്ഥലത്ത് പോയ പാലക്കാട് എംപി വികെ ശ്രീകണ്ഠനില്‍ നിന്നും പ്രാദേശിക ജനപ്രതിനിധികളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്ന് ചെന്നിത്തല പറഞ്ഞു.

എന്നാല്‍ സഭയിലുണ്ടായിരുന്നിട്ടും പ്രതിപക്ഷാവശ്യത്തോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഇതിനിടെ മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ എല്ലാ ആക്ഷേപങ്ങളും പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു.

വ്യാജ ഏറ്റുമുട്ടലെന്ന ആക്ഷേപത്തിലടക്കം നിഷ്പക്ഷമായ അന്വേഷണമുണ്ടാകുമെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം.

മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കുന്നത് അപകടകരമാണെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. മാവോയിസ്റ്റുകളെ പ്രതിപക്ഷനേതാവ് നിയമസഭയില്‍ മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിച്ചത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.

Top