വയനാട്ടിലെ തലപ്പുഴ മേഖലയില്‍ എത്തുന്ന മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് പൊലീസ്. കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതും സിസിടിവി തകര്‍ത്തതും കഴിഞ്ഞ ദിവസം റിസോര്‍ട്ടില്‍ എത്തിയതും ഇതേ അഞ്ചുപേര്‍ എന്ന് പൊലീസ് സ്ഥിരീകരിച്ചു. മേഖലയില്‍ പരിശോധന ശക്തമാക്കി.
കഴിഞ്ഞ 28 ന്് കമ്പമല കെഎസ്ഡിസി ഓഫീസിന് നേരെ ഉണ്ടായ ആക്രമണം ഈ അഞ്ചംഗ മാവോയ്‌സറ്റ് സംഘത്തിന്റേതാണ്. ഇവരാണ് ഓഫീസ് അടിച്ച് തകര്‍ത്തത്. സംഘത്തില്‍ സി.പി മൊയ്തീന്‍ ഉണ്ടായിരുന്നുവെന്ന് മൊഴികളുടെ അടിസ്ഥാനത്തില്‍ വ്യക്തമായി. ഇതിനുശേഷം ഒന്നാം തീയതി തലപ്പുഴയിലെ രണ്ടു വീടുകളില്‍ അഞ്ചംഗ സംഘം എത്തി. പിന്നീട് നാലാം തീയതി കമ്പമലയിലെ പാടിയിലെത്തിയ സംഘം പൊലീസ് സ്ഥാപിച്ച സിസിടിവി അടിച്ചുതകര്‍ത്തു.
സിസിടിവിയില്‍ അഞ്ചുപേരുടെയും ദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിരുന്നു. സി.പി മൊയ്തീന്‍, മനോജ്, സന്തോഷ്, വിമല്‍ കുമാര്‍, സോമന്‍ എന്നിവരാണ് ഇവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം മക്കിമലയിലെ റിസോര്‍ട്ടില്‍ എത്തിയതും ഇവരാണെന്ന് സ്ഥിരീകരിച്ചു. കബനി ദളത്തിന്റെ ഭാഗമായി 18 പേര്‍ പ്രവര്‍ത്തിക്കുന്നതാണ് പൊലീസിന്റെ കണ്ടെത്തല്‍. 18 പേരില്‍ 6 പേര്‍ സ്ത്രീകളാണ്. ഇവരുടെ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.
ആറളം മുതല്‍ കമ്പമല വരെയുള്ള പ്രദേശങ്ങളിലും കര്‍ണാടക വനത്തോട് ചേര്‍ന്ന മേഖലകളിലും ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവര്‍ക്ക് വേണ്ട സഹായം പുറത്തു നിന്നും എത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. മാവോയിസ്റ്റുകളെ പിടികൂടാനായി മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന ഊര്‍ജിതമാക്കി. ഡ്രോണ്‍ ഉപയോഗിച്ച് വനമേഖലയില്‍ ആകാശ നിരീക്ഷണവും തുടരുകയാണ്.