Maoists behind kiss of love in Kozhikodu?

കോഴിക്കോട്: കോഴിക്കോട്ട് ഹനുമാന്‍ സേനയുമായി ഏറ്റുമുട്ടലില്‍ കലാശിച്ച ചുംബന സമരത്തിലെ മാവോയിസ്റ്റ് പിന്തുണയില്‍ സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.

മാവോയിസ്റ്റ് അനുകൂല നിലപാടുള്ളവരും നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റിന്റെ അര്‍ബന്‍ ആക്ഷന്‍ ഗ്രൂപ്പും സമരത്തിനു പിന്നിലുണ്ടെന്ന സൂചനകളാണ് ഇന്റലിജന്‍സിനു ലഭിച്ചിട്ടുളളത്.

ചുംബനസമരത്തിന്റെ വാര്‍ഷികത്തില്‍ ഞാറ്റുവേല എന്ന സാംസ്‌ക്കാരിക കൂട്ടായ്മയാണ് സദാചാര വാദത്തിനും ഫാസിസത്തിനുമെതിരെ ചുംബനസമരത്തിനെത്തിയത്. ഇവരെ അടിച്ചോടിക്കുമെന്ന് പ്രഖ്യാപിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ ഹനുമാന്‍ സേനയുടെ പ്രവര്‍ത്തകരും എത്തിയിരുന്നു.

അതീവ ആസൂത്രിതമായാണ് ഞാറ്റുവേലക്കാര്‍ സമരം നടത്തിയത്. ഘട്ടം ഘട്ടമായി പ്രവര്‍ത്തകരെ ഇറക്കി ഹനുമാന്‍ സേനക്കാരെയും പോലീസിനെയും വരെ കായികമായി നേരിടുകയായിരുന്നു. കോഴിക്കോടിനു പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്രവര്‍ത്തകരാണ് സമരത്തിനായി കോഴിക്കോട്ടെത്തിയത്. ആദ്യ ഗ്രൂപ്പില്‍ സമരത്തിനെത്തിയ സമരക്കാരെ ഹനുമാന്‍ സേന ആക്രമിച്ചപ്പോള്‍ ആണി തറച്ച ചൂരല്‍ വടിയുമായി പുതിയ സംഘം ഹനുമാന്‍ സേനക്കാരെ അടിച്ചോടിക്കുകയായിരുന്നു.

ഇതിനിടെ വടിയുമായി പോലീസിനെ ആക്രമിച്ച തേജസ് പത്രത്തിന്റെ കോഴിക്കോട് ജില്ലാ ലേഖകന്‍ അനീബിന് മാവോയിസ്റ്റ് ബന്ധം ഉണ്ടോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന ഇയാളുടെ മറ്റു വിരങ്ങളും ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഞാറ്റുവേല നേതാക്കളില്‍ ഒരാളുടെ ബാഗില്‍ നിന്നും നെഞ്ചക്ക് എന്ന ആയുധവും പിടിച്ചെടുത്തിട്ടുണ്ട്. അക്രമത്തിനൊരുങ്ങിയാണ് സംഘമെത്തിയത് എന്ന വിവരമാണ് പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിച്ചിട്ടുള്ളത്.

നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റിന്റെ പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി വനമേഖലയില്‍ പ്രവര്‍ത്തനം സജീവമാക്കുമ്പോള്‍ ഇവര്‍ക്ക് പിന്തുണയും ആശയപ്രചരണവുമായി പുറത്ത് മാവോയിസ്റ്റ് അര്‍ബന്‍ ആക്ഷന്‍ ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രഫഷണലുകളും ബുദ്ധിജീവികളും സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പാണ് കേരളത്തില്‍ സജീവമായിട്ടുള്ളത്. അട്ടപ്പാടിയിലെ മാവോയിസ്റ്റു വെടിവെപ്പിനു പിന്നാലെ കേരളത്തിലെ നഗരങ്ങളിലും സമരങ്ങളും അക്രമങ്ങളും നടത്തി മാവോയിസ്റ്റ് അര്‍ബന്‍ ഗ്രൂപ്പ് രംഗത്തെത്തുമെന്ന് നേരത്തെ കേന്ദ്ര ഐ.ബി സംസ്ഥാന ആഭ്യന്തരവകുപ്പിന് ജാഗ്രതാ സന്ദേശം നല്‍കിയിരുന്നു.

Top