കോഴിക്കോട്: കാടിനുള്ളില്‍ ഒളിച്ചുള്ള സായുധസമരത്തിനൊപ്പം ജനകീയ സാമൂഹിക സമരപരിപാടികളിലൂടെ ആശയ സമരം നടത്താന്‍ മാവോയിസ്റ്റുകള്‍ നാട്ടിലേക്കിറങ്ങി. നഗരങ്ങളില്‍ സജീവമായ സ്ലീപ്പിങ് സെല്ലുകളുടെ പിന്തുണയോടെ സാമൂഹിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു സജീവമാകാന്‍ അര്‍ബന്‍ ദളത്തിനു രൂപം നല്‍കിയാണ് മാവോയിസ്റ്റകള്‍ പൊലീസ് സേനയെ വെള്ളംകുടിപ്പിക്കുന്നത്.
ഗീത എന്ന സുന്ദരിക്കാണ് അര്‍ബന്‍ ദളത്തിന്റെ ചുമതല. നിലവില്‍ സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ നേത്രാവതി ദളത്തിന്റെ ചുമതലക്കാരിയാണ് സുന്ദരി. പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ നിലവിലെ എട്ടു ദളങ്ങള്‍ക്കു പുറമെയാണ് അര്‍ബന്‍ ദളവും പ്രവര്‍ത്തിക്കുക.
കേരളത്തില്‍ മാവോയിസ്റ്റുകള്‍ മൂന്നു ദളങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. കബനി, ഭവാനി, നാടുകാണി ദളങ്ങളുടെ നേതൃത്വത്തില്‍ സായുധപോരാട്ടങ്ങളും നടത്തിയിരുന്നു. വയനാട്ടിലും അട്ടപ്പാടിയും നിലമ്പൂരിലും ആക്രമങ്ങളും നടത്തി. വയനാട്ടില്‍ റിസോര്‍ട്ടുകള്‍ ആക്രമിച്ചും പൊലീസിനെതിരെ വെടിവെപ്പു നടത്തിയും ശക്തികാട്ടിയ മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് വനംവകുപ്പ് ഔട്ട്‌പോസ്റ്റ് തീയിടുകയും ചെയ്തിരുന്നു. അട്ടപ്പാടിയില്‍ പൊലീസുമായി വെടിവെപ്പു നടത്തുകയും ചെയ്തു.
ഇതിനു പുറമെ ക്വാറി ആക്രമണവും കെ.എഫ്.സി റസ്റ്റോറന്റുകള്‍ ആക്രമിച്ചതുമടക്കം നഗരങ്ങളിലും ചില ഓപ്പറേഷനുകള്‍ നടത്തിയിരുന്നു. കൊച്ചിയിലെ നിറ്റ ജലാറ്റില്‍ കമ്പനിയുടെ നേരെ നടന്ന ആക്രമണം വ്യാവസായിക മേഖലയെ ഞെട്ടിച്ചിരുന്നു. അര്‍ബന്‍ ദളം രൂപീകൃതമായതോടെ ഇനി നഗരങ്ങള്‍ കേന്ദ്രീകൃതമായി കൂടുതല്‍ ‘സമര’ങ്ങളും ആക്രമണങ്ങളുമായിരിക്കും ഉണ്ടാവുക.
മാവോയിസ്റ്റ് പോളിറ്റ്ബ്യൂറോ അംഗമായ മല്ലരാജ വേണുഗോപാല്‍ റാവുവിന്റെ നേതൃത്വത്തിലാണ് അര്‍ബന്‍ ദളം രൂപീകരിച്ചത്. മാവോയിസ്റ്റ് ഉന്നത നേതാവായിരുന്ന കിഷന്‍ജിയുടെ ഇളയ സഹോദരനായ വേണുഗോപാല്‍ റാവുവാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ചേര്‍ത്ത് രൂപീകരിച്ച പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറി. ഗോവ മുതല്‍ ഇടുക്കി വരെയാണ് പരിധി. ഇദ്ദേഹത്തിന്റെ തലക്ക് ആന്ധ്രപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ 25 ലക്ഷം വീതവും പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങള്‍ 10 ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ണാടക നക്‌സല്‍ വിരുദ്ധസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ദിനകറിന്റെ ഭാര്യയാണ് സുന്ദരി. ബല്‍ത്തങ്ങാടിയിലെ നക്‌സല്‍ നേതാവ് വസന്തിന്റെ സഹോദരിയുമാണ്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ സുന്ദരിയെ പിടികിട്ടാപ്പുള്ളിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.