കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ അജിതയുടെയും കുപ്പുദേവരാജിന്റെയും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല. ഒന്‍പതാം തിയതി വരെ ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കുന്നത് തുടരും.
റീപോസ്റ്റ് മാര്‍ട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനുള്ള സാവകാശത്തിനായി മനുഷ്യാവകാശ പ്രവര്‍ത്തകരും ബന്ധുക്കളും ജില്ലാ പൊലീസ് മേധാവിക്കും സര്‍ക്കാരിനും നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി.
നിലമ്പൂരില്‍ കഴിഞ്ഞ 24നാണ് സിപിഐ മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റിയംഗങ്ങളായിരുന്ന അജിതയും കുപ്പുദേവരാജും പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെടുന്നത്. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം 25 മുതല്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന ബന്ധുക്കളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആരോപണം ശക്തമായതോടെയാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് നീട്ടിവെച്ചത്. ഇതിന് പിന്നാലെ റീപോസ്റ്റ് മാര്‍ട്ടം നടത്തുന്നതിലൂടെ മാത്രമേ വ്യാജഏറ്റുമുട്ടല്‍ നടന്നുവെന്നതിന്‍െ്‌റ കൂടുതല്‍ തെളിവുകള്‍ പുറത്തു വരൂ എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കുന്നതിന് നാല് വരെ സമയം നീട്ടി നല്‍കിയെങ്കിലും റീപോസ്റ്റ് മാര്‍ട്ടം ആവശ്യപ്പെട്ടുള്ള ഇവരുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തീരുമാനം. എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഇന്ന് കോടതി അവധി കൂടിയായിരുന്നതിനാല്‍ ഇതിനും തടസമുണ്ടായി.
ഈ പ്രത്യേക സാഹചര്യം പരിഗണിച്ച് മൃതദേഹം സംസ്‌കരിക്കുന്നത് നീട്ടിവെയ്ക്കണമെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സാവകാശം നല്‍കണമെന്നുമാവശ്യപ്പെട്ട് സര്‍ക്കാര്‍ തലത്തിലും പൊലീസിനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ
അപേക്ഷയെ തുടര്‍ന്നാണ് അനുകൂലമായ നടപടിയുണ്ടായിരിക്കുന്നത്.
കുപ്പുദേവരാജിന്റെ ബന്ധുക്കള്‍ ഇന്നലെ മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നുവെങ്കിലും അജിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആളുകളെത്താത്തതും പ്രതിസന്ധിയായേക്കും. ഏറ്റെടുക്കാന്‍ തയാറാണെന്ന് ഏറ്റെടുക്കാന്‍ തയാറാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചെങ്കിലും ബന്ധുക്കള്‍ക്ക് മാത്രമേ മൃതദേഹം നല്‍കാനാകൂ എന്ന നിലപാടിലാണ് പൊലീസ്.