പൊലീസിനെ ആക്രമിക്കാൻ മാവോയിസ്റ്റുകൾ കേരളത്തിൽ, റെഡ് അലർട്ട് പ്രഖ്യാപിച്ചു

മലപ്പുറം: നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജിന്റെയും അജിതയുടെയും ചോരക്ക് പകരം ചോദിക്കാന്‍ മാവോയിസ്റ്റുകള്‍ കേരളത്തില്‍ തിരിച്ചടിക്കൊരുങ്ങുന്നു.

വന്‍ സ്‌ഫോടകവസ്തു ശേഖരങ്ങളുമായി 90ഓളം മാവോയിസ്റ്റ് സംഘമാണ് കേരളത്തിലെ വനമേഖലകളില്‍ തങ്ങുന്നത്. ബോംബ് സ്‌ഫോടന പരമ്പരകള്‍ നടത്തിയോ ഉന്നത ഉദ്യോഗസ്ഥരെ തട്ടികൊണ്ടുപോയോ തിരിച്ചടിനല്‍കാനുള്ള നീക്കമുണ്ടെന്ന് ഐ.ബി സംസ്ഥാന ആഭ്യന്തര വകുപ്പിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂരും, അട്ടപ്പാടിയിലും, വയനാട് അടക്കമുള്ള വനമേഖലയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലും പൊലീസ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മാവോയിസ്റ്റ് വേട്ടക്ക് നേതൃത്വം നല്‍കിയ മലപ്പുറം എസ്.പി ദേബേഷ്‌കുമാാര്‍ ബെഹ്‌റ, ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, സി.ഐ എം.സി ദേവസ്യ എന്നിവര്‍ക്കടക്കം സുരക്ഷ വര്‍ധിപ്പിക്കും. വനത്തില്‍ കൂടുതല്‍ മാവോയിസ്റ്റ് സംഘങ്ങളെ അടുത്ത ദിവസങ്ങളില്‍ കാട്ടില്‍ തേന്‍ ശേഖരിക്കാന്‍പോയ ആദിവാാസികള്‍ കണ്ടിരുന്നു.

മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ കുഴിബോംബുകള്‍ സ്ഥാപിക്കുന്നുണ്ട്. ആദിവാാസികളോട് ഉള്‍ക്കാടുകളിലേക്ക് കയറരുതെന്ന് മാവോയിസ്റ്റുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ മിന്നലാക്രമണത്തില്‍ 26 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

മാവോയിസ്റ്റുകള്‍ ശക്തമായ ദണ്ഡകാരമ്യ മേഖലയില്‍ നിന്നും കൂടുതല്‍ പി.എല്‍.ജി.എ അംഗങ്ങള്‍ നിലമ്പൂര്‍ മേഖലയിലേക്കു കടന്നിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട്, കേരള വനമേഖലകള്‍ സംഗമിക്കുന്ന നിലമ്പൂരില്‍ ഇവര്‍ക്ക് സുരക്ഷിത താവളം ഒരുക്കിയിട്ടുണ്ട്. കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ട ഏറ്റുമുട്ടലിനു ശേഷം കേരള പൊലീസോ തണ്ടര്‍ബോള്‍ട്ടോ വനത്തില്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചിലിന് ഇറങ്ങിയിട്ടില്ല.

വേനലവധിക്കാലത്ത് ശക്തമായ ആക്രമണം നടത്തി മഴസമയത്ത് പരിശീലനത്തിലേക്കും മറ്റു പ്രവര്‍ത്തനങ്ങളിലേക്കും പിന്‍മാറുകയാണ് മാവോയിസ്റ്റുകളുടെ ശൈലി. ജൂണില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിനാല്‍ കേരളത്തില്‍ ആക്രമണം നടത്തി പിന്‍വാങ്ങാനുള്ള മാവോയിസ്റ്റ് നീക്കം സംസ്ഥാന പൊലീസിന്റെ നെഞ്ചിടിപ്പേറ്റുകയാണ്.

Top