നിലമ്പൂര്‍: സായുധ മാവോയിസ്റ്റുകളെ നേരിടാന്‍ വനപാലകരുടെ പക്കല്‍ കുറുവടി മാത്രം. മാവോയിസ്റ്റുകള്‍ എത്തിനോക്കാത്ത പൊലീസ് സ്‌റ്റേഷനുകളിലാവട്ടെ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ കാവലും എ.കെ 47 മെഷീന്‍ ഗണ്‍ അടക്കമുള്ള ആയുധങ്ങളും.
മാവോയിസ്റ്റ് ഭീതിയിലും നിരായുധരായി ജോലി ചെയ്യേണ്ടി വന്നതോടെ 400 ഓളം വാച്ചര്‍മാരാണ് ജോലി ഉപേക്ഷിച്ചുപോയത്. വനത്തിലെ വനംവകുപ്പ് ഔട്ട് പോസ്റ്റുകളില്‍ നിരായുധരായ രണ്ടു വാച്ചര്‍മാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. മാവോയിസ്റ്റ് അക്രമം ഭയന്ന് യൂണിഫോമില്ലാതെയാണ് ഇവരില്‍ പലരും ജോലിചെയ്യുന്നത്.
പൂക്കോട്ടുംപാടം ടി.കെ കോളനിയില്‍ രണ്ട് വനംവകുപ്പ് ഔട്ട് പോസ്റ്റുകള്‍ മാവോയിസ്റ്റുകള്‍ ആക്രമിച്ച് വാച്ചര്‍മാരെ ബന്ദികളാക്കിയ സംഭവത്തില്‍ തങ്ങളുടെ നിസ്സഹായത അധികൃതര്‍ക്കു മുന്നില്‍ നിരത്തുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.
കഴിഞ്ഞ ജനുവരിയില്‍ സൈലന്റ്‌വാലി റെയ്ഞ്ച് ഓഫിസിനു നേരെയും, വയനാട് ജില്ലയിലെ കുഞ്ഞോംഫോറസ്റ്റ് ഓൗട്ട് പോസ്റ്റിനുനേരെയും മണ്ണാര്‍ക്കാട് അമ്പലപ്പാറ പ്രദേശത്തും മാവോയിസ്റ്റ് വെടിവെപ്പുണ്ടാവുകയും ചെയ്തു. മാവോയിസ്റ്റുകളെ നേരിടാന്‍ ആയുധമോ അംഗബലമോ ഇല്ലാതെ ദയനീയ അവസ്ഥയിലാണ് വനംവകുപ്പ്.
വനം വകുപ്പിലെ ജീവനക്കാരുടെ കുറവും നിലവിലെ ജോലി സാഹചര്യങ്ങളും വനം സംരക്ഷണ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഉള്‍വനത്തിലടക്കം ഡ്യൂട്ടിയെടുക്കേണ്ടിവരുന്നത് പലപ്പോഴും രണ്ടു പേര്‍ മാത്രമുള്ള സംഘമാണ്. മാവോയിസ്റ്റ് സാന്നിദ്ധ്യം ഉറപ്പായിട്ടും മാവോയിസ്റ്റുകള്‍ എത്തിനോക്കുകപോലും ചെയ്യാത്ത പോലീസ് സ്‌റ്റേഷനുകള്‍ക്കും മറ്റും നല്‍കുന്ന അധിക സുരക്ഷ സംവിധാനങ്ങള്‍ വനം വകുപ്പ് ഔട്ട് പോസ്റ്റുകള്‍ക്കു ലഭിക്കുന്നില്ല. മണല്‍ചാക്കുകൊണ്ടുള്ള ബങ്കര്‍ ഉണ്ടാക്കി തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളുടെ കാവലാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലെ പൊലീസ് സ്‌റ്റേഷനുകള്‍ക്ക് നല്‍കുന്നത്.
വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം സജീവമാവുകയും ക്യാമ്പുകള്‍ അക്രമിക്കുകയും വനപാലകരെ ബന്ധിയാക്കുകയും ചെയ്യുന്ന ഗുരുതര സാഹചര്യത്തില്‍ വനപാലകരുടെ സുരക്ഷ ശക്തമാക്കാന്‍ വകുപ്പുതല നടപടിയുണ്ടാകണമെന്ന ആവശ്യവുമായി കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ രംഗത്തുവന്നിട്ടുണ്ട്.
ജീവനക്കാരുടെ സുരക്ഷക്ക് സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒ.പികളും ക്യാമ്പുകളും ബഹിഷ്‌കരിച്ച് നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലെ മുഴുവന്‍ ജീവനക്കാരും 22ന് യൂണിഫോം ധരിച്ച് ഡിവിഷന്‍ ഓഫീസുകളില്‍ രാവിലെ 8 മുതല്‍ 5 വരെ ജോലി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് സ്വയം രക്ഷക്കായി റിവോള്‍വറുകള്‍ അനുവദിക്കുക, ഒരോ ഡിവിഷനിലും ക്രൈസിസ് മാനേജ്‌മെന്റ് ടീം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.