പാലക്കാട്: മഞ്ചിക്കണ്ടിയില്‍ നടന്നത് ഏറ്റുമുട്ടല്‍ തന്നെയെന്ന് പൊലീസ്. മാവോയിസ്റ്റുകള്‍ക്ക് നേരെ പൊലീസ് ഏകപക്ഷീയമായി വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന ആരോപണം ഭരണമുന്നണിയില്‍പ്പെട്ട സിപിഐ അടക്കമുള്ളവര്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പൊലീസ് നിലപാട് വ്യക്തമാക്കുന്നത്.
പാലക്കാട് എസ്.പി ജി.ശിവവിക്രം മഞ്ചിക്കണ്ടിയിലേത് അപ്രതീക്ഷിതമായുണ്ടായ ഒരു ഏറ്റുമുട്ടലാണെന്ന് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കാട്ടില്‍ പട്രോളിംഗ് പോയ കേരള പൊലീസിന്റെ സായുധ സേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിന് നേരെ മാവോയിസ്റ്റുകള്‍ വെടിവച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നും തണ്ടര്‍ ബോള്‍ട്ട് നടത്തിയ വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകളും പിറ്റേ ദിവസം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ നടന്ന വെടിവെപ്പില്‍ മറ്റൊരാളും കൊലപ്പെട്ടതായി എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇക്കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.
മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടല്‍ ഏകപക്ഷീയമാണെന്നും പൊലീസ് നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ജില്ലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പാലക്കാട് എസ്പിക്ക് കോടതി നിര്‍ദേശം നല്‍കിയത്.