Maoists murder; security for DGP Loknath behra and SP Debeshkumar

ന്യൂഡല്‍ഹി: കേരളത്തില്‍ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിയംഗം കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവിയുടെയും മലപ്പുറം എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കും. ഐബി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണിതെന്നാണ് സൂചന.

മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ ഒഡീഷയില്‍ നിന്നാണ് ഈ ഉദ്യോഗസ്ഥര്‍ വരുന്നത് എന്നതിനാല്‍ ഇവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്ന കാര്യം കേന്ദ്ര ആഭ്യന്തര വകുപ്പ് പരിശോധിച്ച് വരികയാണ്.

ആഭ്യന്തര ഉപദേഷ്ടാവ് വിജയകുമാറിന്റെ റിപ്പോര്‍ട്ട്‌ ലഭിച്ചാലുടന്‍ ഇത് സംബന്ധമായ നിര്‍ദ്ദേശം ഒഡീഷ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

മാവോയിസ്റ്റുകളുടെ തിരിച്ചടി മുന്നില്‍ കണ്ട് ജാഗ്രത പാലിക്കാന്‍ കേരള പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നാണ് അറിയുന്നത്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കമാന്‍ഡോകളുടെ അകമ്പടിയില്ലാതെയാണ് കേരളത്തില്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും ഉന്നത ഐഎഎസ്-ഐപിഎസുകാരും സഞ്ചരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ മാറ്റം വരുന്നതോടെ കൂടുതല്‍ കമാന്‍ഡോകളെ സംസ്ഥാനത്ത് നിയോഗിക്കേണ്ടി വരും. സുരക്ഷാ സൈനികര്‍ പോയിട്ട് പൈലറ്റ് വാഹനം പോലും വേണ്ടെന്ന അഭിപ്രായമുള്ള സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുക്കുന്ന തീരുമാനപ്രകാരമായിരിക്കും സുരക്ഷാ സജ്ജീകരണം.

സാധാരണഗതിയില്‍ ഏതെങ്കിലും പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ നേരെ ആക്രമണമുണ്ടായാല്‍ ശക്തമായ രീതിയില്‍ തിരിച്ചടിക്കുകയാണ് മാവോയിസ്റ്റ് രീതി. നൂറ് കണക്കിന് പൊലീസുകാരെയും രാഷ്ട്രീയ നേതാക്കളെയും ഇത്തരത്തില്‍ അവര്‍ കഴിഞ്ഞകാലങ്ങളില്‍ കൊലപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ് തന്നെ മുന്‍പ് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കുഴിബോംബ് സ്‌ഫോടനത്തില്‍ വധിക്കാന്‍ ശ്രമിച്ച വ്യക്തിയാണ്.ഭാഗ്യം കൊണ്ട് മാത്രമാണ് മുഖ്യമന്ത്രി അന്ന് രക്ഷപ്പെട്ടത്.

പൊലീസുകാരുടെ വധം, ബാങ്ക് കവര്‍ച്ച, പൊലീസ് സ്റ്റേഷന്‍ ആക്രമണം തുടങ്ങിയ ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളി കൂടിയാണ് ഇയാള്‍.

ആന്ധ്ര-ഒഡിഷ അതിര്‍ത്തിയിലെ മല്‍ക്കന്‍ഗിരി ജില്ലയിലെ ബാലിമലയില്‍ ഒളിയാക്രമണത്തിലൂടെ 28 ആന്ധ്ര നക്‌സല്‍ വിരുദ്ധ സേനാംഗങ്ങളെ വധിച്ച കേസിലെ മുഖ്യപ്രതിയാണ് തങ്ങള്‍ വെടിവെച്ച് കൊന്ന ദേവരാജെന്നത് അറിഞ്ഞപ്പോള്‍ ദൗത്യ സേനാംഗങ്ങളും ഞെട്ടിയിട്ടുണ്ട്.

1998ല്‍ തമിഴ്‌നാട് മധുരയിലെ ബാങ്കില്‍ നിന്ന് 65ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ അണ്ണാമലൈ പൊലീസില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ കുപ്പുസ്വാമിയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് പത്ത്‌ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ആ സംഭവത്തോടെ കുപ്പുസ്വാമി തന്റെ പ്രവര്‍ത്തന കേന്ദ്രം പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിലൂടെ ആന്ധ്രയിലേക്കും കര്‍ണ്ണാടകയിലേക്കും ചുവട് മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുപ്പുദേവരാജ് നടത്തിയ മറ്റ് പ്രധാന ആക്രമണങ്ങളെപ്പറ്റി പൊലീസ് പറയുന്നത് ;

1. 1998ല്‍ കര്‍ണ്ണാടകയിലെ ഷിംറോഡ പൊലീസ് പിക്കറ്റ് പോസ്റ്റ് ആക്രമണം,
2. 1992ല്‍ ചെന്നൈയിലെ ഒരു റെയില്‍വേ സ്‌റ്റേഷന്‍ ആക്രമണം,
3. ജാര്‍ഖണ്ഡിലെ ടോപ്ചാചി പൊലീസ് ക്യാമ്പില്‍ ഇരച്ച് കയറി 13 പൊലീസുകാരെ വധിച്ചു, 18 തോക്കുകള്‍ കടത്തിക്കൊണ്ട് പോയി
4. 2005ല്‍ ബീഹാറിലെ സീതാറാം സിങ്ങ് എംപിയുടെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പില്‍ മോഷണം നടത്തി
5. എസ്ബിഐ ബ്രാഞ്ചിലെ സുരക്ഷാ ജീവനക്കാരനെ വധിച്ചു
6. 2004ല്‍ ബീഹാറിലെ മധുവാന്‍ഡ ആക്രമണം
6. 2004ല്‍ ആന്ധ്ര-ഒഡിഷ അതിര്‍ത്തിയിലെ മല്‍ക്കന്‍ഗിരി ജില്ലയിലെ ബാലിമലയില്‍ ഒളിയാക്രമണത്തിലൂടെ 28 ആന്ധ്ര നക്‌സല്‍ വിരുദ്ധ സേനാംഗങ്ങളെ വധിച്ചു, ആ കേസിലെ മുഖ്യപ്രതി
7. 2005ല്‍ ജാര്‍ഖണ്ഡിലെ ജുംറാ സിആര്‍പിഎഫ് ക്യാമ്പ് ആക്രമണം
8. 2007ല്‍ ബീഹാറിലെ ലഖിസരി ജില്ലയിലെ കൊയ്‌റ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് നാല് പൊലീസുകാരെ കൊലപ്പെടുത്തി

കേരളത്തില്‍ മാവോയിസ്റ്റുകള്‍ രക്തരൂക്ഷിത ആക്രമണം ഇതുവരെ നടത്തിയിട്ടില്ലെങ്കിലും ഇത്തരം സാധ്യത മുന്നില്‍ കണ്ട് ജാഗ്രത പാലിക്കാനും മാവോയിസ്റ്റ് വേട്ട ശക്തമാക്കാനുമാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Top