‘ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണം’: സഭാ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ പോസ്റ്ററുകള്‍

alan

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പോസ്റ്ററുകള്‍. കാക്കനാട് കാര്‍ഡിനല്‍ കോളനിയിലെ സ്ഥലവും വീടും ആലഞ്ചേരി തന്റെ കുടുംബാംഗങ്ങള്‍ക്ക് റീ രജിസ്റ്റര്‍ ചെയ്തു നല്‍കിയെന്നാണ് ആരോപണം. എറണാംകുളത്തെ വിവിധ പള്ളികള്‍ക്കു മുന്നില്‍ കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആര്‍ച്ച് ഡയോസിയന്‍ മൂവ്‌മെന്റിന്റെ പേരിലാണ് പോസ്റ്ററുകള്‍.

കാക്കനാട് നിര്‍ധനരായ 40 കുടുംബങ്ങള്‍ക്ക് കാര്‍ഡിനല്‍ കോളനി എന്ന പേരില്‍ സഭ വീടുവെച്ചു കൊടുത്തിരുന്നു. അതില്‍ ഒരെണ്ണം ആലഞ്ചേരി കുടുംബത്തിന്റെ കൈയിലെത്തിയെന്നാണ് എഎംടി പറയുന്നത്. 2016ല്‍ നടത്തിയ റീ രജിസ്‌ട്രേഷന്റെ രേഖകളും എഎംടി പുറത്തുവിട്ടിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചനയ്‌ക്കൊപ്പം സാമ്പത്തിക തിരിമറിയും വിശ്വാസ വഞ്ചനയും നടത്തിയ കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാണ് എഎംടിയുടെ ആവശ്യം.

കോട്ടപ്പടി ഭൂമി വില്‍പ്പനയെ ചൊല്ലി സീറോ മലബാര്‍ സഭ വൈദികര്‍ക്കിടയില്‍ വീണ്ടും ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വിശ്വാസികളുടെ പേരില്‍ പോസ്റ്ററുകള്‍ രൂപപ്പെട്ടത്.

Top