കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ക്രമീകരണങ്ങളില്‍ പൂര്‍ണ തൃപ്തനാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്‌ലാറ്റുകളില്‍ സ്‌ഫോടന വസ്തുക്കള്‍ നിറച്ചെന്നും എല്ലാം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ഇത്തരം നടപടി കേരളത്തില്‍ ആദ്യമായതിനാല്‍ തന്നെ എത്രത്തോളം പ്രാവര്‍ത്തികമായിരിക്കും എന്ന ആശങ്ക സമീപവാസികളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളാണ് കൃത്യം നിര്‍വ്വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഇന്‍ഷുറന്‍സ് സംബന്ധിച്ചും ആശയക്കുഴപ്പം ഇല്ല. ഫ്‌ലാറ്റുടമകള്‍ക്ക് കോടതി നിശ്ചയിച്ച പോലെ നഷ്ടപരിഹാരം നല്‍കും. സ്‌ഫോടനത്തിന്റെ സമയക്രമത്തിലും ആശയക്കുഴപ്പം ഇല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പായി രാവിലെ ഒന്‍പതു മണി മുതല്‍ മോക്ക് ഡ്രില്‍ തുടങ്ങും. സ്‌ഫോടന ദിവസം നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സമീപവാസികള്‍ക്ക് അറിവ് നല്‍കാന്‍ കൂടിയാണിത്. സ്‌ഫോടന സമയത്ത് ആംബുലന്‍സുകളും ഫയര്‍ എന്‍ജിനുകളും ഏതൊക്കെ സ്ഥലത്തു വേണമെന്നും സ്‌ഫോടന ശേഷം ഇവ എങ്ങോട്ട് പോകണമെന്നത് സംബന്ധിച്ചും കൃത്യമായ ധാരണ ഉണ്ടാക്കും. മുന്നറിയിപ്പ് സൈറണ്‍ മുഴക്കുന്നത് ഉള്‍പ്പെടെ മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഉണ്ടാകും.