മരടില്‍ ഫ്‌ളാറ്റ്‌ പൊളിക്കല്‍; ഇന്ന് ട്രയല്‍ റണ്‍, എല്ലാ സന്നാഹങ്ങളും റെഡി, സയറണ്‍ മുഴങ്ങും

നാളെ മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി ഇന്ന് ട്രയല്‍ റണ്‍ നടത്തും. നാളെ എന്തെല്ലാം സന്നാഹങ്ങള്‍ വേണ്ടി വരും അതെല്ലാം ഇന്നും ഉണ്ടായിരിക്കും. ഫ്‌ളാറ്റ്‌ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന സയറണും ഇന്ന് മുഴങ്ങും.

മൂന്നിടങ്ങളില്‍ സ്‌ഫോടനം നിയന്ത്രിക്കാന്‍ കണ്ട്രോള്‍ റൂമുകള്‍ സജജമാക്കും. പ്രകമ്പനം പഠിക്കാനെത്തിയ ഐ.ഐ.ടി.സംഘം ഫ്‌ളാറ്റുകള്‍ക്ക് ചുറ്റും 11 ഇടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കും.

ഫ്‌ലാറ്റുകളില്‍ എല്ലാം സ്‌ഫോടക വസ്തുക്കള്‍ നിറച്ചുകഴിഞ്ഞു. ഫ്‌ളാറ്റില്‍ നിന്ന് 100 മീറ്റര്‍ അകലെ സ്‌ഫോടനം നിയന്ത്രിക്കുന്ന സ്ഥലത്തേക്ക് ഡിറ്റനേറ്ററുകള്‍ വഴി സ്‌ഫോടക വസ്തുക്കളെ ബന്ധിപ്പിക്കുന്ന ജോലിയാണ് ഇനി ബാക്കിയുള്ളത്.

അതേസമയം, ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ക്രമീകരണങ്ങളില്‍ പൂര്‍ണ തൃപ്തനാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസഫ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഫ്‌ളാറ്റുകളില്‍ സ്ഫോടന വസ്തുക്കള്‍ നിറച്ചെന്നും എല്ലാം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല ഇത്തരം നടപടി കേരളത്തില്‍ ആദ്യമായതിനാല്‍ തന്നെ എത്രത്തോളം പ്രാവര്‍ത്തികമായിരിക്കും എന്ന ആശങ്ക സമീപവാസികളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളാണ് കൃത്യം നിര്‍വ്വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഇന്‍ഷുറന്‍സ് സംബന്ധിച്ചും ആശയക്കുഴപ്പം ഇല്ല. ഫ്‌ളാറ്റുടമകള്‍ക്ക് കോടതി നിശ്ചയിച്ച പോലെ നഷ്ടപരിഹാരം നല്‍കും. സ്ഫോടനത്തിന്റെ സമയക്രമത്തിലും ആശയക്കുഴപ്പം ഇല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Top