സാധനങ്ങള്‍ കാണാനില്ല; മരട് ഫ്‌ലാറ്റുകളില്‍ മോഷണം നടന്നെന്ന പരാതിയുമായി ഉടമകള്‍

കൊച്ചി:മരടിലെ ഫ്‌ലാറ്റുകളില്‍ മോഷണം നടന്നെന്ന പരാതിയുമായി ഉടമകള്‍. ഫ്‌ലാറ്റുകളില്‍ നിന്ന് എയര്‍കണ്ടീഷണര്‍ അടക്കമുള്ള സാധനങ്ങളാണ് മോഷണം പോയിരിക്കുന്നത്. ഫ്‌ലാറ്റുകളില്‍ അവശേഷിക്കുന്ന സാധനങ്ങള്‍ നീക്കം ചെയ്യാന്‍ എത്തിയപ്പോളാണ് സാധനങ്ങള്‍ മോഷണം പോയ കാര്യം അറിഞ്ഞതെന്നും ഉടമകള്‍ പറഞ്ഞു.

ഇന്ന് രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഫ്‌ലാറ്റിലെ സാധനങ്ങള്‍ മാറ്റാമെന്നാണ് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി അറിയിച്ചിരുന്നത്. ഇതനുസരിച്ചാണ് സാധനങ്ങള്‍ മാറ്റാന്‍ ഉടമകള്‍ ഫ്‌ലാറ്റുകളിലെത്തിയത്. സാധനങ്ങള്‍ പൂര്‍ണമായും നീക്കാന്‍ സാവകാശം ലഭിച്ചില്ലെന്ന് ഉടമകള്‍ നഷ്ടപരിഹാരനിര്‍ണയ സമിതിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് എയര്‍ കണ്ടിഷനറുകളും ഫാനുകളും സാനിറ്ററി ഉപകരണങ്ങളും നീക്കാന്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് ഒരു ദിവസത്തെ അനുമതി ലഭിച്ചത്.

അതേസമയം ഫ്‌ലാറ്റുകളില്‍ നിന്ന് സാധനങ്ങള്‍ നീക്കാന്‍ പൊളിക്കല്‍ ചുമതലയുള്ള കമ്പനി സഹകരിക്കുന്നില്ലെന്നും ഫ്‌ലാറ്റ് ഉടമകള്‍ ആരോപിച്ചു.

Top