കൊച്ചി : മരടില്‍ സമിതി ഇതുവരെ നഷ്ടപരിഹാരം നിശ്ചയിച്ച ഫ്‌ലാറ്റുടമകള്‍ ഇന്ന് നഗരസഭയില്‍ സത്യവാങ്മൂലം നല്‍കണം. സത്യവാങ്മൂലം നല്‍കുന്ന ഫ്‌ലാറ്റുടമകള്‍ക്ക് രണ്ട് ദിവസത്തിനകം നഷ്ടപരിഹാരം നല്‍കുമെന്നും സബ്കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ അറിയിച്ചു.
നഗരസഭയില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക ഫോറത്തില്‍ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ അടക്കം രേഖപ്പെടുത്തി ഫ്‌ലാറ്റുടമകള്‍ സത്യവാങ്മൂലം നല്‍കണം. വിവരങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിച്ച് രണ്ട് ദിവസത്തിനകം ഉടമകളുടെ അക്കൌണ്ടില്‍ സമിതി ശിപാര്‍ശ ചെയ്ത പണം നിക്ഷേപിക്കും.
107 പേരില്‍ 13 പേര്‍ക്ക് മാത്രമാണ് സമിതി 25 ലക്ഷം രൂപ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ബാക്കി ഫ്‌ലാറ്റുടമകള്‍ക്ക് 13 ലക്ഷം രൂപ മുതലാണ് ശിപാര്‍ശ. ബാക്കി ഫ്‌ലാറ്റുടമകളുടെ നഷ്ടപരിഹാര നിര്‍ണയം ചൊവ്വാഴ്ച നടക്കും.
ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള ബ്ലാസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഫ്‌ലാറ്റുകളിലെ ജനലുകളും വാതിലുകളും നീക്കം ചെയ്യുന്ന ജോലികള്‍ തുടരുകയാണ്. ബ്ലാസ്റ്റ് റിപ്പോര്‍ട്ട് കൂടി പരിശോധിച്ച് ഈ മാസം 24ന് മുന്‍പ് ഫ്‌ലാറ്റുകള്‍ കമ്പനികള്‍ക്ക് ഔദ്യോഗികമായി കൈമാറും. അതേസമയം ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരായ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും തുടരുകയാണ്.