മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

കൊച്ചി : മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ താമസക്കാർക്ക് നഗരസഭ നൽകിയ കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ എല്ലാവരും ഫ്ലാറ്റുകൾ വിട്ടു ഒഴിയണമെന്നാണ് നിര്‍ദേശം.

ഇന്ന് വൈകുന്നേരത്തിനുള്ളിൽ താമസക്കാർ ഒഴിഞ്ഞു പോയില്ലെങ്കിൽ സെക്രട്ടറിയിൽ നിക്ഷിപ്തം ആയ അധികാരങ്ങൾ പ്രകാരം മുന്നറിയിപ്പ് ഇല്ലാതെ മറ്റു നിയമ നടപടികൾ സ്വീകരിക്കും.

അതേസമയം മരട് നഗരസഭക്ക് മുന്നില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകള്‍. ഫ്ലാറ്റിന് മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹവും ഇന്ന് ആരംഭിക്കും. സമരത്തിന് പിന്തുണയുമായി ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മരടിലെത്തും.

സുപ്രീംകോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫ്ലാറ്റുകൾ ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭാ നോട്ടീസ് നൽകിയത്. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്നും നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്നും കാണിച്ച് ഒഴിപ്പിക്കല്‍ നോട്ടീസിന് 12 ഫ്ലാറ്റുടമകള്‍ മറുപടി നല്‍കിയിരുന്നു.

Top