മോസ്‌കോ: ഐസ്ലാന്‍ഡുമായുള്ള മത്സരത്തില്‍ അര്‍ജന്റീന സമനില വഴങ്ങിയതില്‍ മെസ്സിയെയും സംഘത്തെയും കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലന്ന് ഇതിഹാസതാരം മറഡോണ.
മുഴുവന്‍ കുറ്റവും ടീം കോച്ചിന് മേല്‍ ചാര്‍ത്തി ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ അര്‍ജന്റീന ക്യാപ്റ്റന്‍ കൂടിയായ മറഡോണ.
‘ഇതുപോലെതന്നെയാണ് അടുത്ത കളികളിലും ചെയ്യാന്‍ പോകുന്നതെങ്കില്‍ തിരികെ അര്‍ജന്റീനയിലേക്ക് വരേണ്ടതില്ല. നല്ലത് എന്ന് പറയാവുന്ന ഒരു ചെറുനീക്കം പോലുമുണ്ടായില്ല. ഐസ്ലന്‍ഡ് താരങ്ങളെല്ലാം ആറടിയിലേറെ പൊക്കമുള്ളവരാണ്. കോര്‍ണറുകളെല്ലാം ഹെഡ്ഡറിലൂടെ ഗോളാക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ അര്‍ജന്റീനയുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കവും ഉണ്ടായില്ല’, മറഡോണ പറഞ്ഞു.
പരിശീലകന്റെ തന്ത്രങ്ങളാണ് കളിയെ പരാജയപ്പെടുത്തിയതെന്നും, കളിക്കാരെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും, വേണ്ടത്ര തയാറെടുപ്പുകള്‍ നടത്താത്തതിന്റെ പ്രശ്നമാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൊയേഷ്യയോടും നൈജീരിയയോടുമാണ് അര്‍ജന്റീനയ്ക്ക് ഇനി ഏറ്റുമുട്ടാനുള്ളത്. ഇരുടീമുകളും അര്‍ജന്റീനയോട് വിജയിക്കാന്‍ കരുത്തുള്ളവരുമാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ആരാധകരെ കണക്കിലെടുത്തള്ള കളി ടീം കാഴ്ച്ചവയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.