മോസ്‌കോ: പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് ലോകകപ്പില്‍ നിന്നും പുറത്തായ അര്‍ജന്റീന ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസതാരം ഡീഗോ മറഡോണ.
സത്യത്തില്‍ ഞങ്ങള്‍ വന്നത് സ്റ്റേഡിയത്തിലേക്കായിരുന്നില്ല, മറിച്ച് തിയറ്ററിലേക്കായിരുന്നു, നേരത്തെ പ്രഖ്യാപിക്കപ്പെട്ട മരണത്തിന്റെ കാഴ്ചയ്ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാന്‍, അവിടെ സംഭവിച്ചതും അതുതന്നെയായിരുന്നെന്ന് മറഡോണ പറഞ്ഞു.
അര്‍ജന്റീനയുടെ മധ്യനിര മെസ്സിയായിരുന്നു. അയാളെ അവര്‍ വിദഗ്ധമായി പൂട്ടി. അതോടെ അയാള്‍ക്ക് ചലിക്കാന്‍ പോലും സ്വാതന്ത്രമില്ലാതെ പോയി. മെസ്സിയെക്കൂടാതെ ഒരു സാധാരണ ടീം മാത്രമാണ് അര്‍ജന്റീനയെന്നും മറഡോണ വിമര്‍ശിച്ചു.
മാത്രമല്ല, എല്ലാവരും പ്രതീക്ഷിച്ച രീതിയിലാണ് ഈ ടീം കളിച്ചതെന്നും, അതുകൊണ്ടുതന്നെ ലഭിച്ച ഫലവും എല്ലാവരും പ്രതീക്ഷിച്ചതുതന്നെയായതെന്നും, ഒരു ലോകകപ്പ് കൂടി കടന്നുപോകുമ്പോള്‍ അര്‍ജന്റീന ടീം വെറും കയ്യോടെ മടങ്ങുകയാണ്. വീണ്ടുമൊരു ലോകകപ്പു കൂടി കടന്നുപോകുമ്പോഴും സ്ഥിരതയുള്ള ഒരു ടീമിനെ കണ്ടെത്താന്‍ അര്‍ജന്റീനയ്ക്ക് സാധിക്കാത്തത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും മറഡോണ ചൂണ്ടിക്കാട്ടി.
പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ നേരിടേണ്ടി വന്ന അര്‍ജന്റീന മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് തോറ്റത്. അതേസമയം, ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി മുന്നേറിയ ക്രൊയേഷ്യയ്ക്ക് പ്രീക്വാര്‍ട്ടറില്‍ താരതമ്യേന ദുര്‍ബലരായ ഡെന്‍മാര്‍ക്കാണ് എതിരാളികള്‍.