ബ്യൂണസ് അയേഴ്‌സ്: ഫുട്ബോള്‍ താരം ഡീഗോ മറഡോണ തന്റെ മുന്‍ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് പണം തട്ടിയെടുത്തെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നു.
മുന്‍ ഭാര്യ ക്ലോഡിയ വില്ലഫെയ്ന്‍, ആ ബന്ധത്തിലെ മക്കളായ ഡല്‍മ, ജിയാന്നിന എന്നിവര്‍ ചേര്‍ന്ന് 2000-2015 കാലയളവില്‍ 34ലക്ഷം പൗണ്ട്( 29 കോടിയോളം രൂപ) തട്ടിയെടുത്തെന്നാണ് മറഡോണയുടെ ആരോപണം.
മൂവരും ചേർന്ന് തട്ടിയെടുത്ത പണം യുറഗ്വായിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നും പിന്നീട് ഈ തുക ഉപയോഗിച്ച് അമേരിക്കയില്‍ വസ്തുവകകള്‍ വാങ്ങുകയുമായിരുന്നെന്ന് മറഡോണ ആരോപിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതിനിടെ മകൾ ജിയാന്നിന ഓഗസ്റ്റ് 31 ന് അര്‍ജന്റീനയില്‍ നിന്നു പോയെന്നും പെട്ടന്ന് തന്നെ തിരികെയെത്തിയെന്നും, അതിനാൽ ഓഗസ്റ്റ് 31ന് യുറഗ്വായില്‍ ജിയാന്നിന എന്തിന് പോയെന്ന് വ്യക്തമാക്കണമെന്നും മറഡോണയുടെ അഭിഭാഷകന്‍ ചോദിച്ചതായി സ്പാനീഷ് പത്രം മാര്‍കയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ഭാര്യയായ ക്ലോഡിയക്ക് യുറഗ്വായില്‍ ബാങ്ക് അക്കൗണ്ട് ഉണ്ട്. മക്കളില്‍ ഒരാള്‍ പണം അവിടെ നിക്ഷേപിക്കുന്നുമുണ്ട്.
അതിനാൽ ജിയാന്നിനയെ കസ്റ്റഡിയിലെടുക്കുകയല്ലാതെ മാര്‍ഗമില്ലെന്നും മറഡോണയുടെ അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാൽ ട്വിറ്ററിലൂടെ അച്ഛന്റെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് ജിയാന്നിന രംഗത്തെത്തി.