ഇറ്റാലിയന്‍ സീരിസ് എയില്‍ ഇന്റര്‍ മിലാനെതിരായ മത്സരത്തില്‍ നാപ്പോളി പ്രതിരോധ താരം കലിദു കോലിബാലിക്കെതിരെ നടന്ന വംശീയാധിക്ഷേപം കായിക ലോകം അത്ര പെട്ടെന്ന് മറക്കാനിടയില്ല. ഒരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ പിന്തുണയാണ് ഇതുമായി ബന്ധപ്പെട്ട് കലിദുവിന് ലഭിക്കുന്നത്.
വിവരമില്ലാത്ത മനുഷ്യരുടെ ആക്രോശം കേട്ട് ഫുട്‌ബോള്‍ മൈതാനത്ത് തലകുനിച്ച് നിന്ന കലിദുവിന് പിന്തുണയുമായി അര്‍ജന്റീന ഇതിഹാസവും മുന്‍ നാപോളി തരാം കൂടിയായ മറഡോണ എത്തിയിരിക്കുകയാണ്. നാപോളിയില്‍ താന്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ തനിക്കും വംശീയധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മറഡോണ തന്റെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
1984-91 കാലഘട്ടത്തിലാണ് മറഡോണ നാപോളിക്ക് വേണ്ടി കളിച്ചത്. മറഡോണക്ക് പുറമെ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇന്റര്‍ മിലാന്‍ ക്യാപ്റ്റന്‍ മൗറോ ഐകാര്‍ഡി എന്നിവരും കൗലിബലിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. വംശീയധിക്ഷേപത്തെ തുടര്‍ന്ന് ഇന്റര്‍ മിലാന്റെ അടുത്ത രണ്ടു മത്സരങ്ങളില്‍ നിന്ന് ആരാധകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇറ്റാലിയന്‍ സീരി എയില്‍ നടന്ന മത്സരത്തിനിടെ നാപ്പോളി താരം കലിദു കോലിബാലിയ്‌ക്കെതിരെ വംശീയാധിക്ഷേപം നടന്നത്. താരത്തെ കുരങ്ങനെന്നു വിളിച്ചും കുരങ്ങിന്റെ ശബ്ദമുണ്ടാക്കിയുമാണ് ഇന്റര്‍ ആരാധകര്‍ അധിക്ഷേപിച്ചത്. ആരാധകരുടെ മോശം പെരുമാറ്റം അതിരു കടന്നപ്പോള്‍ നാപ്പോളിയുടെ പരിശീലകനായ ആഞ്ചലോട്ടിക്ക് കളി നിര്‍ത്തി വെക്കാന്‍ വരെ പറയേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെ റഫറി കളി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിറോ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.
സംഭവത്തിന് ശേഷം താരത്തിന് കായിക ലോകത്തിലെ പല പ്രമുഖരും പിന്തുണയുമായെത്തിയിരുന്നു.സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കലിദുവിനോടുള്ള പിന്തുണ അറിയിച്ച് താരവുമായി കളിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.