ഡിയെഗോ മറഡോണ പരിശീലിപ്പിക്കുന്ന മെക്സിക്കന്‍ ക്ലബ്ബിന് ഈ സീസണിലും പ്രമോഷന് ഇല്ല. ഇന്നലെ നടന്ന പ്ലേ ഓഫില്‍ പരാജയപ്പെട്ടതോടെയാണ് ദൊരാദോസ് മെക്സിക്കോയിലെ രണ്ടാം ഡിവിഷനില്‍ തന്നെ തുടരും എന്ന് ഉറപ്പായത്.
എന്നാല്‍ ഇന്നലെ ദൊരാദോസിനെ തോല്‍പ്പിച്ച അത്ലറ്റികോ സാന്‍ ലുയിസ് പ്രൊമോഷന് നേടി. ഇരു പാദങ്ങളിലായുള്ള പോരാട്ടത്തില്‍ 2-1 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് അത്ലറ്റിക്കോ വിജയിച്ചത്.
ഇതോടെ മറഡോണ ക്ലബ് വിടുമെന്ന് ഏകദേശം ഉറപ്പായി. കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു മറഡോണ ദൊരോദോസിന്റെ ചുമതലയേറ്റത്. നേരത്തെ തന്നെ മാനേജര്‍ പദവി ഒഴിയും എന്ന് മറഡോണ സൂചന നല്‍കിയിരുന്നു. റഫറിമാര്‍ തന്റെ ടീമിനെതിരെ നിരന്തരം നിലപാടെടുക്കുന്നു എന്ന് ആരോപിച്ചായിരുന്നു മറഡോണയുടെ തീരുമാനം.
ലീഗില്‍ അവസാന സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ക്ലബിന്റെ ചുമതല മറഡോണ ഏറ്റെടുത്തത് നേരത്തെ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ ആ ടീമിനെ പ്ലേ ഓഫ് വരെ എത്തിക്കാന്‍ മറഡോണയ്ക്കായി.