കൊച്ചി: നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ മരട് പഞ്ചായത്ത് മുന്‍ ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. മുന്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ രണ്ടുപേര്‍ ക്രൈംബ്രാഞ്ച് സമിതിയ്ക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. സിപിഎം അംഗങ്ങളായ മണ്ണാത്തറ ഭാസ്‌കരന്‍, പി കെ രാജു എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യുന്നത്. ഭരണസമിതി അന്ന് പാസാക്കിയ ഒരു പ്രമേയവുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. 2005 ലെ ഭരണസമിതിയിലെ 22 അംഗങ്ങളേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
മരട് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയോടെയാണ് 2006 ല്‍ നിയമം ലംഘിച്ചുള്ള നിര്‍മ്മാണ അനുമതികള്‍ നല്‍കിയതെന്നാണ് അറസ്റ്റിലുള്ള മുന്‍ മരട് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് നല്‍കിയ മൊഴി. നിര്‍മ്മാണത്തിന് അനുമതി നല്‍കിയ കാലത്തെ പല രേഖകളും പിന്നീട് പഞ്ചായത്തില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി.
എന്നാല്‍ സിആര്‍ഇസഡ് ടൂവില്‍ പെടുന്ന നിര്‍മ്മാണങ്ങള്‍ക്ക് തടസം പാടില്ലെന്ന് പ്രമേയം പാസായിരുന്നതിനെ പറ്റി അറിയില്ലെന്ന് മുന്‍ ഭരണസമിതി അംഗം പി കെ രാജു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു പ്രമേയം പാസാക്കിയത് തങ്ങളുടെ അറിവോടെയല്ല. ഇത്തരത്തില്‍ ഒരു പ്രമേയം അന്നത്തെ ഭരണസമിതി പാസാക്കിയിട്ടില്ലെന്നും മിനിറ്റ്സിലാണ് തിരുത്തല്‍ ഉണ്ടായിട്ടുള്ളതെന്നും പി കെ രാജു പ്രതികരിച്ചു.
പഞ്ചായത്ത് മിനുട്‌സിലും തിരുത്തല്‍ വരുത്തിയെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ കൂടാതെ ഭരണ സമിതിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.