മരട് കേസ്; കേരളത്തിന്റെ നിലപാടില്‍ ഞെട്ടല്‍, രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മരട് കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കേരളം നിയമലംഘകരെ സംരക്ഷിക്കുകയാണെന്നും ഫ്ളാറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്നും സുപ്രീംകോടതി ചോദിച്ചു.

കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ടെന്നും പ്രളയത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന് അറിയില്ലേയെന്നും ചോദിച്ച കോടതി കേരളത്തിന് കൈത്താങ്ങായി രാജ്യം മുഴുവന്‍ ഒന്നിച്ചു നിന്നെന്നും ഇത്തരം തീരുമാനങ്ങള്‍ കൊണ്ടാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും പറഞ്ഞു.

കേരളത്തിലെ എല്ലാ നിയമലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ചീഫ് സെക്രട്ടറിയെയും രൂക്ഷമായി വിമര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ ഇത്തരം സമീപനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കേരളത്തിന്റെ പദ്ധതി എന്താണെന്ന് സത്യവാങ്മൂലം കണ്ടാലറിയാമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഫ്‌ളാറ്റിലുള്ളവരെ രക്ഷിക്കുവാനാണ് ശ്രമം നടക്കുന്നത് അത്തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. കേസില്‍ വെള്ളിയാഴ്ച വിശദമായ ഉത്തരവിറക്കുമെന്നും കോടതി അറിയിച്ചു.

Top