കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ കേസില്‍ മൂന്നുപേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മരടിലെ ഫ്ളാറ്റ് നിര്‍മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
അഴിമതി നിരോധന നിയമപ്രകാരമാണ് കസ്റ്റഡിയിലെടുത്ത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് വൈകുന്നേരത്തോടെ രേഖപ്പെടുത്തുമെന്നാണ് സൂചന. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു ഇവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
പഞ്ചായത്ത് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് ഉടമകള്‍ ഫ്ളാറ്റ് നിര്‍മ്മാണം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
അതേസമയം, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് ലഭിച്ച ആല്‍ഫ വെഞ്ചടേഴ്‌സ് ഉടമ പോള്‍ രാജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഹര്‍ജി കോടതിയുടെ പരിഗണനയിലായതിനാല്‍ ഈമാസം 25 വരെ സാവകാശം വേണമെന്ന് പോള്‍ രാജ് ക്രൈംബ്രാഞ്ചിനും കത്ത് നല്‍കി.