തിരുവനന്തപുരം: തീരദേശ നിയമം ലംഘിച്ച മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാന്‍ നടപടികളുമായി സര്‍ക്കാര്‍. ഫ്‌ളാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാര്‍, ജില്ലാ കളക്ടര്‍ക്കും മരട് നഗരസഭയ്ക്കും കത്തു നല്‍കി. സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാണു സര്‍ക്കാരിന്റെ നിര്‍ദ്ദേശം. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കണമെന്നും സര്‍ക്കാര്‍ കത്തില്‍ പറയുന്നു.
ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കുന്നതിനിയായി സെപ്തംബര്‍ 20 വരെയാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്, അതിനാലാണ് സര്‍ക്കാര്‍ അടിയന്തരമായി നടപടികളുമായി മുന്നോട്ട് പോകുന്നതെന്നാണ് അറിയുന്നത്. മെയ് എട്ടിനാണ് ഫ്‌ലാറ്റ് നിര്‍മാണത്തില്‍ തീരദേശ നിയമം ലംഘിച്ചതായി കണ്ട് മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്.
ഹോളിഡേ ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ്,കായലോരം,ഹോളി ഫെയ്ത്ത്, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശിച്ചത്. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഫ്‌ലാറ്റ് വിഷയത്തിലെ സുപ്രീം കോടതി ഉത്തരവെന്നാണ് ഫ്‌ലാറ്റ് ഉടമകള്‍ അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഫ്‌ലാറ്റ് പൊളിച്ചതിന് ശേഷം അന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയതിന് ശേഷം 23ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഹാജരാകാനും ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.