സര്‍ക്കാര്‍ ദേവസിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു, ഡിജിപിയുടെ നിയമോപദേശം തേടി

കൊച്ചി: അനധികൃതമായി മരടില്‍ ഫ്‌ലാറ്റ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ദേവസിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ കഠിനമാകുന്നു. ഈ കേസില്‍ ഇയാള്‍ പ്രതിയാണെന്ന് ഉറപ്പിക്കാവുന്ന തെളിവുകള്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ഉണ്ട്. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ പ്രസിഡന്റ് അനുമതി നല്‍കിയതെന്നും ഇയാള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

ഡിസംബര്‍ ആറിനായിരുന്നു ദേവസിയെ പ്രതിചേര്‍ക്കാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച് സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ ഒന്നരമാസമായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല.

2006 ലാണ് മരടിലെ ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് മരട് പഞ്ചായത്ത് അനുമതി നല്‍കിയത്. അന്ന് പ്രസിഡന്റായിരുന്നു ദേവസി. അദ്ദേഹം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് താനും സമ്മതിച്ചതെന്ന് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. മാത്രമല്ല 2006 ലെ ഭരണസമിതിയിലെ തന്നെ ചിലര്‍ ഈ കള്ളത്തരത്തിനെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നടത്തിയപ്പോഴായിരുന്നു ദേവസിക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണസംഘത്തിന് കിട്ടിയത്.

തുടര്‍ന്ന് ക്രൈംബ്രാഞ്ച് മേധാവി ഈ കേസില്‍ ദേവസിയെ പ്രതിചേര്‍ക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം ഒരു പൊതുപ്രവര്‍ത്തകനെ പ്രതിയാക്കാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി വേണം എന്നതിനാലാണ് സര്‍ക്കാരിനോട് ക്രൈം ബ്രാഞ്ച് അനുമതി തേടിയത്.

തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഡിജിപിയോട് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. ഡിജിപി നല്‍കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ ഇനി തീരുമാനമെടുക്കുക. ശേഷമേ ദേവസിയെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ചിന് സാധിക്കൂ.

Top