കൊച്ചി: മരടിലെ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കൂടി ഇന്ന് നിലം പൊത്തും. ഇതോടെ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റുകളും മണ്ണോടടിയും.
ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകളാണ് ഇന്നു പൊളിക്കുന്നത്. 51 മീറ്റര്‍ ഉയരമുള്ള ജെയിനില്‍ 16 നിലകളാണുള്ളത്. രാവിലെ 11നാണ് ഇവിടെ സ്‌ഫോടനം നിശ്ചയിച്ചിരിക്കുന്നത്. ഉപയോഗിക്കുന്നത് 372.8 കിലോ സ്‌ഫോടക വസ്തു. എട്ട് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തുമെന്നാണ് റിപ്പോര്‍ട്ട്.
16 നിലകളുള്ള ഗോള്‍ഡന്‍ കായലോരത്തിന് 51 മീറ്ററാണ് ഉയരം. ഉച്ചകഴിഞ്ഞു രണ്ടിനാണ് ഇവിടെ സ്‌ഫോടനം നടക്കുക. 15 കിലോ സ്‌ഫോടക വസ്തുവാണ് തകര്‍ക്കാന്‍ ഉപയോഗിക്കുന്നത്. ആറ് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഹോളി ഫെയ്ത്ത് എച്ച് 2 ഒ യും ആല്‍ഫ സെറിനും പൊളിക്കുന്നതിന് മുന്‍പ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരണങ്ങള്‍ തന്നെയായിരിക്കും ഇന്നും സ്വീകരിക്കുക. രണ്ട് ഫ്ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ല. അതിനാല്‍ തന്നെ ഇന്നലത്തെ അത്രയും വലിയ വെല്ലുവിളികള്‍ ഇല്ല. അതേസമയം കനത്ത ജാഗ്രതയോടെ തന്നെയാണ് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത്. പ്രദേശത്ത് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടന സമയത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.
ജെയിന്‍ കോറല്‍ കോവ് 10.55ന് പൊളിക്കുന്നതിന് മുന്നോടിയായുള്ള മുന്നറിയിപ്പ് സൈറന്‍ മുഴങ്ങും. 11ന് ജെയിന്‍ കോറല്‍കോവ് ഫ്‌ലാറ്റ് സമുച്ചയം സ്‌ഫോടനത്തിലൂടെ തകര്‍ക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നതിന്റെ ഭാഗമായി 1.30ഓടെ പ്രദേശത്തെ എല്ലാ ചെറിയ റോഡുകളും അടയ്ക്കും. തുടര്‍ന്ന് 1.55ന് ദേശീയപാത അടയ്ക്കുന്നതിന് വേണ്ടിയുള്ള സൈറന്‍ മുഴങ്ങും. രണ്ടിന് ഗോള്‍ഡന്‍ കായലോരം സ്‌ഫോടനത്തിലൂടെ തകര്‍ക്കും. 2.30ഓടെ പ്രദേശത്തെ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കും.