കൊച്ചി: മരടിലെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങള്‍ കൂടി ഇന്നു തകര്‍ക്കുന്നതോടെ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുള്ള പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകും. ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകളാണ് ഇന്നു പൊളിക്കുന്നത്. അതേസമയം മരടിലെ രണ്ടാംഘട്ട ഫ്‌ലാറ്റ് പൊളിക്കലിന് പൂര്‍ണസജ്ജമെന്ന് എറണാകുളം കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത് അല്‍പം വെല്ലുവിളിയുള്ളതാണ്. മറ്റ് കെട്ടിടങ്ങള്‍ പോലെ അല്ല. ആ ഫ്‌ലാറ്റ് വിഭജിച്ച ശേഷമാകും തകര്‍ക്കുക. മറ്റ് ഫ്‌ലാറ്റുകളില്‍ നടത്തുന്നത് പോലെ കണ്‍ട്രോള്‍ഡ് ഇംപ്ലോഷന്‍ ടെക്‌നോളജി ഇവിടെ പ്രയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ഫ്‌ലാറ്റ് പൊളിക്കുന്നതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.
രാവിലെ 11 മണിക്ക് ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റും സ്‌ഫോടനത്തില്‍ തകര്‍ക്കും. ജെറ്റ് ഡെമോളിഷന്‍ കമ്പനിയും എഡിഫയിസും ചേര്‍ന്നാണ് ഈ രണ്ടു ഫ്‌ലാറ്റുകളും പൊളിക്കുന്നത്
ജെയിന്‍ കോറല്‍കോവില്‍ 400 കിലോ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്. 51 മീറ്റര്‍ ഉയരമുള്ള ജെയിനില്‍ 16 നിലകളാണുള്ളത്. രാവിലെ 11നാണ് ഇവിടെ സ്‌ഫോടനം നിശ്ചയിച്ചിരിക്കുന്നത്. എട്ട് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തുമെന്നാണ് റിപ്പോര്‍ട്ട്.
16 നിലകളുള്ള ഗോള്‍ഡന്‍ കായലോരത്തിന് 51 മീറ്ററാണ് ഉയരം. ഉച്ചകഴിഞ്ഞു രണ്ടിനാണ് ഇവിടെ സ്‌ഫോടനം നടക്കുക. ആറ് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇവിടെ 15 കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പ്രത്യേക സാങ്കേതിക വിദ്യയിലൂടെ സ്ഫോടനം നടത്താനാണ് ശ്രമം.