കൊച്ചി: മരടിലെ ഫ്ളാറ്റ് ഉടമകളെ നിര്‍ബന്ധിച്ചോ ബലം പ്രയോഗിച്ചോ ഇന്ന് ഒഴിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുടുംബങ്ങളോട് സ്വയം ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്നതോടൊപ്പം സുരക്ഷ കണക്കിലെടുത്ത് ഇവിടെ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുമുണ്ട്.
ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്താണ് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചത്.
ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അനുവദിച്ച സമയത്തിനുള്ളില്‍ തന്നെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഉടമകളോട് ആവശ്യപ്പെടും. ഒഴിപ്പിക്കല്‍ നടപടിക്ക് മുന്നോടിയായി വിച്ഛേദിച്ച വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കും. ഒക്ടോബര്‍ നാല് വരെയാണ് നടപടികള്‍ തുടരുന്നത്.
സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് നഗരസഭ ഇന്ന് മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങുന്നത്.
അതേസമയം ഫ്‌ളാറ്റുകള്‍ ഒഴിയുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്‌ളാറ്റുടമകള്‍ ഇന്നു മുതല്‍ നിരാഹാര സമരം നടത്തുകയാണ്. നഷ്ട പരിഹാരത്തിന്റെ ആദ്യ ഗഡുവായ 25 ലക്ഷം രൂപയും നിലവിലുള്ളതിന് സമാനമായ പുനരധിവാസ സൗകര്യങ്ങളും ലഭിക്കുന്നതിന് മുമ്പ് ഒഴിയില്ലെന്നാണ് ഫ്‌ളാറ്റുടമകളുടെ തീരുമാനം.