മരട്: ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടികളുമായി സഹകരിക്കുമെന്ന് മരടിലെ ഫ്‌ളാറ്റ് ഉടമകള്‍.
ചര്‍ച്ചയില്‍ പൂര്‍ണമായും തൃപ്തരല്ലെന്നും എന്നാല്‍ കോടതി വിധി മാനിച്ച് ജില്ലാ ഭരണകൂടവുമായി സഹകരിക്കുമെന്നും കൊച്ചിയില്‍ നടന്ന നിര്‍ണായക യോഗത്തിന് ശേഷം ഫ്‌ളാറ്റ് ഉടമകള്‍ അറിയിച്ചു.
കളക്ടര്‍ എസ്.സുഹാസ്, ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ പ്രത്യേക ചുമതലയുള്ള മരട് നഗരസഭാ സെക്രട്ടറിയും ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുമായ സ്‌നേഹില്‍ കുമാര്‍ സിംഗ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ എന്നിവര്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഫ്‌ളാറ്റ് ഉടമകളുമായി ചര്‍ച്ച നടത്തിയത്.
മൂന്നാം തിയതി തന്നെ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ശ്രമിക്കുമെന്ന് ഉടമകള്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു. ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിലെ ജയകുമാര്‍ നടത്തി വന്ന നിരാഹാരസമരം പിന്‍വലിക്കാനും തീരുമാനമായി.
നാലാം തീയതി രാവിലെ വരെ വൈദ്യുതി, ജലവിതരണം ലഭ്യമാക്കും എന്ന് ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.