മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: മരട് ഫ്‌ലാറ്റ് കേസില്‍ എല്ലാ ഉടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇതിനായി 20 കോടി കെട്ടിവെക്കണമെന്നും സുപ്രീം കോടതി. അതേസമയം ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന് അണുവിട പോലും പിന്നോട്ടു പോവില്ലെന്നും കോടതി ആവര്‍ത്തിച്ചു. ഉത്തരവ് ഉത്തരവ് തന്നെയാണ്, അതില്‍ നിന്ന് പിറകോട്ട് പോകില്ല. അത് നടപ്പാക്കുക തന്നെ ചെയ്യും കോടതി വ്യക്തമാക്കി.

മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് ആദ്യ ഘട്ട നഷ്ടപരിഹാരം ആയി 25 ലക്ഷം നല്‍കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് 25 ലക്ഷം നല്‍കാന്‍ കോടതി നിയമിച്ച റിട്ട ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായുള്ള സമിതി ശുപാര്‍ശ ചെയ്യുന്നില്ല എന്ന് ഫ്ളാറ്റ് ഉടമകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ മാനദണ്ഡം പ്രകാരം ഫ്ളാറ്റിന്റെ വില പരിശോധിച്ച്‌ നഷ്ടപരിഹാരം നിശ്ചയിച്ചത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.ഇതേ തുടര്‍ന്നാണ് നഷ്ട പരിഹാരത്തിന് സമിതിയെ സമീപിച്ച എല്ലാവര്‍ക്കും 25 ലക്ഷം വീതം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.

എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിര്‍ദ്ദേശം. രേഖകളില്‍ കുറഞ്ഞ നിരക്കുള്ളവര്‍ക്കുും 25 ലക്ഷം രൂപ നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഫ്‌ലാറ്റുടമകള്‍ക്ക് നല്‍കേണ്ട തുക നിര്‍മ്മാതാക്കള്‍ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. തല്‍ക്കാലം ഇതിനായി 20 കോടി രൂപ നിര്‍മ്മാതാക്കള്‍ കെട്ടിവയ്ക്കണെന്നും കോടതി നിര്‍ദ്ദേശിച്ചു

അതേസമയം ഫ്ളാറ്റുകള്‍ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജിക്കാരുടെആവശ്യം കോടതി തള്ളി. ഫ്ളാറ്റുകള്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് ഫ്ളാറ്റുടമകളുടെ സംഘടന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന് ഒരിഞ്ചുപോലും പുറകോട്ട് പോകില്ലെന്നും കോടതി പറഞ്ഞു.

Top