ന്യൂഡല്‍ഹി:മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാര തുക നല്‍കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ സമയം വേണമെങ്കില്‍ കെ. ബാലകൃഷ്ണന്‍ നായര്‍സമിതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി. ചീഫ് സെക്രട്ടറി ടോം ജോസിന് എതിരെ മേജര്‍ രവി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ ആയി മാറ്റി.
തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കണം എന്ന ഉത്തരവ് നടപ്പിലാക്കിയതിന്റെ പുരോഗതി വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഫ്‌ളാറ്റുകള്‍ ജനുവരി 11നും 12നുമായി പൊളിച്ചുനീക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 11ന് ഹോളി ഫെയ്ത്തും ആല്‍ഫ വെഞ്ചേഴ്‌സും, 12ന് ഗോള്‍ഡന്‍ കായലോരയും ജയിന്‍ കോറലും പൊളിക്കും.
ഫ്ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കാന്‍ ഇതുവരെ 61 കോടി 50 ലക്ഷം രൂപ വിനിയോഗിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു.ബാക്കി തുക കൈമാറാന്‍ സാവകാശം വേണം എന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം കെ ബാലകൃഷ്ണന്‍ നായര്‍ സമിതിക്ക് മുമ്പാകെ ഉന്നയിക്കാന്‍ കോടതി സര്‍ക്കാരിന് അനുമതി നല്‍കി.
നഷ്ടപരിഹാരം നല്‍കാനായി പണം കണ്ടെത്താന്‍ ജസ്റ്റിസ് ബാലകൃഷണന്‍ നായര്‍ സമിതിയുടെ അനുമതിയോടെ സ്വത്തുകള്‍ വില്‍ക്കാന്‍ കെട്ടിട നിര്‍മ്മാണ കമ്പനിയായ ഹോളിഫെയ്ത്തിന് കോടതി അനുമതി നല്‍കി. കോടതി ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ഇനി ജനുവരി രണ്ടാംവാരത്തില്‍ ജസ്റ്റിസ് അരുണ്‍മിശ്ര വീണ്ടും പരിശോധിക്കും.