ഫ്‌ളാറ്റുടമകളെ ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിനുശേഷമെന്ന് നഗരസഭ

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ ഒഴിയുവാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെ ഫ്ളാറ്റുടമകളെ ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിനുശേഷമായിരിക്കുമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍.

ഫളാറ്റുടമകള്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം മാത്രം നടപടികളുമായി മുന്നോട്ട് പോകുവാനാണ് നഗരസഭയുടെ നീക്കം.

ഫ്ളാറ്റുകളില്‍ നഗരസഭ പതിച്ച നോട്ടീസിന് 12 ഫ്ളാറ്റുടമകള്‍ നല്‍കിയ മറുപടി ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അയച്ചെന്ന് സെക്രട്ടറി പറഞ്ഞു. നോട്ടീസ് നിയമാനുസൃതമായല്ല നല്‍കിയതെന്ന ഫ്ളാറ്റുടമകളുടെ മറുപടി സര്‍ക്കാരിനും കൈമാറി.

അര്‍ഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ളാറ്റുകളില്‍ നിന്നൊഴിയില്ലെന്ന നിലപാടിലാണ് ഫ്ളാറ്റുടമകള്‍. നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനും ഫ്ളാറ്റ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.

Top