സുപ്രീം കോടതിയുടെ കര്‍ശനമായ ആ ഉത്തരവ് കേരളത്തിലുണ്ടാക്കുന്നത് വന്‍ പ്രത്യാഘാതം. കൊച്ചിയിലെ മരടില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന കര്‍ശന നിലപാടില്‍ കോടതി ഉറച്ച് നില്‍ക്കുകയാണ്. പുന:പരിശോധനാ ഹര്‍ജികൂടി തളളിയതോടെ ഈ ഫ്‌ളാറ്റുകള്‍ ഉടന്‍ തന്നെ പൊളിക്കേണ്ടി വരും.
ഇതിനു സമാനമായ രീതിയില്‍ കെട്ടിപൊക്കിയ നിരവധി കെട്ടിടങ്ങള്‍ കേരളത്തിലുണ്ട്. ഇവ കൂടി പൊളിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കോടതിയെ സമീപിക്കാനാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ തീരുമാനം. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ ഫ്ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കേണ്ടി വരുന്നത്.
കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന നിലപാടില്‍ ഉറച്ച് നിന്നത്. തന്റെ ഉത്തരവ് മറികടക്കാന്‍ ഫ്‌ളാറ്റ് ഉടമകള്‍ മറ്റൊരു ബെഞ്ചില്‍ നിന്നും അനുകൂല ഉത്തരവ് സമ്പാദിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ച് മുന്‍പാകെ ഉന്നയിച്ചത് ശരിയായില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതോടെ തീരദേശ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചവരും വാങ്ങിയവരും എല്ലാം ഇപ്പോള്‍ വലിയ പരിഭ്രാന്തിയിലാണ്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച അനവധി കെട്ടിടങ്ങള്‍ കേരളത്തില്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ ഉള്ളത് കൊച്ചിയിലാണ്. ഭരണാധികാരികളെ സ്വാധീനിച്ച് അനുമതി വാങ്ങിയും അല്ലാതെയും കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും ഇതില്‍പെടും.
കോടതിയുടെ പുതിയ ഉത്തരവോടെ ഇത്തരം കെട്ടിടങ്ങളില്‍ താമസിക്കുന്നവരാണ് വെട്ടിലായിരിക്കുന്നത്. ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും നല്‍കി ഇത്തരം ഫ്ളാറ്റുകളില്‍ താമസിക്കുന്നത് നൂറു കണക്കിന് കുടുംബങ്ങളാണ്. ഇവരെ പ്രമുഖ കെട്ടിട നിര്‍മാണ കമ്പനികളാണ് യഥാര്‍ത്ഥത്തില്‍ പറ്റിച്ചിരിക്കുന്നത്.
നിയമവിരുദ്ധമായി പടുത്തുയര്‍ത്തിയ ഫ്‌ളാറ്റ് സമുച്ചയങ്ങളെല്ലാം വിറ്റു പോയതിനാല്‍ ഇപ്പോള്‍ നിര്‍മ്മാണ കമ്പനികള്‍ കൈമലര്‍ത്തുകയാണ്. ഫ്‌ളാറ്റ് വാങ്ങിയവര്‍ക്കാണ് ഉത്തരവാദിത്വമെന്ന നിലപാടിലാണവര്‍. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരും ഓഫീസ് നടത്തുന്നവരുമാണ് ഇതോടെ കുടുങ്ങിയിരിക്കുന്നത്. അതിദയനീയമാണ് ഇതില്‍ മിക്കവരുടെയും അവസ്ഥ.
ഭര്‍ത്താവിന്റെ മരണശേഷം മക്കള്‍ വാങ്ങിക്കൊടുത്ത മരടിലെ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റില്‍ താമസിക്കുന്ന മായ പ്രേം മോഹന്‍ ഇതിനൊരു ഉദാഹരണമാണ്. ‘ഇത്രയും കാലം സുരക്ഷിതയായിരുന്നു. ഇനി എവിടെ പോകുമെന്നറിയില്ല. ഇവിടെ നിന്നിറങ്ങേണ്ടി വന്നാല്‍ മരണം മാത്രമാണ് മുന്നിലുള്ളത്’ എന്നാണ് മായ പറയുന്നത്. 60 വയസ്സായ മായയുടെ രണ്ട് പെണ്‍മക്കളും നിലവില്‍ വിദേശത്താണുള്ളത്.
തിരുവനന്തപുരത്തെ കുടുംബവീതവും വിദേശത്തുള്ള മക്കളുടെ വിഹിതവും ചേര്‍ത്താണ് ഫ്‌ളാറ്റ് വാങ്ങിയിരുന്നത്. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന മായയുടെ മകള്‍ ഹരിപ്രിയ കോടതി വിധി അറിഞ്ഞ് നാട്ടില്‍ എത്തിയിട്ടുണ്ട്. എല്ലാ രേഖകളും ശരിയാക്കി കരം അടയ്ക്കുന്ന താമസസ്ഥലമാണ് ഇപ്പോള്‍ പൊളിച്ചുകളയുമെന്ന് പറയുന്നതെന്നും ആരെ വിശ്വസിക്കണമെന്നറിയില്ലെന്നും കണ്ണുനിറഞ്ഞ് ഹരിപ്രിയയും പറയുന്നു.
‘മരുഭൂമിയില്‍ പണിയെടുത്ത സമ്പാദ്യം കൂട്ടിച്ചേര്‍ത്ത് വാങ്ങിയ ഫ്‌ളാറ്റാണ് ഇല്ലാതാകുന്നത്. നിസഹായരാണ് ഞങ്ങള്‍. പുറത്തു പ്രചരിക്കുന്നതുപോലെ കള്ളപ്പണം കൊണ്ടല്ല, കുടുംബസ്വത്ത് വിറ്റാണ് പലരും ഇത് വാങ്ങിയത്. ഞങ്ങള്‍ക്ക് ഇനി എന്തുചെയ്യണമെന്നറിയില്ല.’ ഫ്‌ളാറ്റിലെ താമസക്കാരായ റോയിയും സുജയും വ്യക്തമാക്കി.
ഇവരെപ്പൊലെ ഉള്ളിലും പുറത്തും കരയുന്ന ഒരുപാട് പേരുണ്ട് ഫ്‌ളാറ്റിലും പുറത്തും. ‘തെറ്റുചെയ്തവരെയല്ലേ കോടതി ശിക്ഷിക്കുക. തെറ്റു ചെയ്യാത്ത ഞങ്ങളെ എന്തിന് ശിക്ഷിക്കുന്നു’ എന്നാണ് ഓരോരുത്തരും പറയാതെ പറയുന്നത്. ഹോളിഫെയ്ത്തില്‍ മാത്രം 90 അപ്പാര്‍ട്ട്‌മെന്റുകളിലായി 500ലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ആല്‍ഫാ വെഞ്ചേഴ്‌സ് ഫ്‌ളാറ്റിന്റെ ഉടമകളാവട്ടെ പ്രതികരിക്കാന്‍ തയ്യാറായതുമില്ല. കേസിന്റെ ആവശ്യത്തിനായി ഡല്‍ഹിയിലുള്ള പ്രതിനിധികള്‍ എത്തിയതിന് ശേഷം മാത്രം പ്രതികരിക്കാമെന്ന നിലപാടിലാണവര്‍.
മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ മെയ് ഒമ്പതിനാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഫ്‌ളാറ്റ് പൊളിച്ചുനീക്കിയാല്‍ ഉണ്ടാകുന്ന ആഘാതം പഠിക്കാന്‍ ചെന്നൈ ഐഐടി സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു.
വിവിധ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടാണ് സംഘം മടങ്ങിയിരുന്നത്. റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സംഘം സംസ്ഥാന സര്‍ക്കാരിനെ തീരുമാനം അറിയിക്കാനിരിക്കെയാണ് ഇപ്പോള്‍ പുനഃപരിശോധനാ ഹര്‍ജി തള്ളി സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അത് നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. തീരദേശ പരിപാലന നിയമം കര്‍ശനമായി പാലിച്ചേ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കാവൂ എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ വീണ്ടും കര്‍ശനമായി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ജാഗ്രത കാണിക്കണമെന്നതാണ് നിര്‍ദ്ദേശം.
Staff Reporter