തിരുവനന്തപുരം: മരക്കാര്‍ ഒടിടിയില്‍ കരാര്‍ ഒപ്പുവച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മോഹന്‍ലാല്‍. തീയറ്റര്‍ റിലീസ് ചെയ്യാനാണ് സിനിമ എടുത്തതെന്നും 625 സ്‌ക്രീനില്‍ മരക്കാര്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങള്‍ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നത്. തീയറ്റര്‍ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടത്. തീര്‍ച്ചയായും തീയറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും എത്തും’. മോഹന്‍ലാല്‍ പറഞ്ഞു.
തീയറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടി യില്‍ എത്തുമെന്ന് സംവിധായകന്‍ പ്രിയദര്‍ശനും അറിയിച്ചു. സീറ്റിങ് 50% മാത്രമാണ് ഉള്ളതെങ്കിലും ചിത്രത്തിന്റെ വിജയത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും പ്രിയദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ റിലീസിനെത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാര്‍. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്. അനി ഐവി ശശിയും പ്രിയദര്‍ശനൊപ്പം തിരക്കഥയില്‍ പങ്കാളിയാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.