സൂരറൈ പോട്രു എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടി മലയാളികളുടെ അഭിമാന താരമായിരിക്കുകയാണ് അപർണ ബാലമുരളി. 2020 ൽ പുറത്തിറങ്ങിയ സൂര്യ നയനകായ ചിത്രത്തിൽ മികച്ച അഭിനയമാണ് അപർണ കാഴ്ച വെച്ചിരുന്നത്. മാരന്റെ സ്വന്തം ബൊമ്മിയെ ഇരു കൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് ഇരട്ടി മധുരവുമായാണ് ദേശിയ അവാർഡ് എത്തിയിരിക്കുന്നത്. സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രം , ഡെക്കാൻ എയർവേയ്‌സ് സ്ഥാപകൻ ക്യാപ്റ്റൻ ജിആർ ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഒരുക്കിയിരുന്നത്. അദ്ദേഹത്തിന്റെ ‘സിംപ്ലി ഫ്ലൈ: എ ഡെക്കാൻ ഒഡീസി’ എന്ന പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സുധ സൂരറൈ പോട്രു ചിത്രീകരിച്ചത്.
ബേക്കറി ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഒരു ധീരയായ സ്വതന്ത്ര സ്ത്രീയുടെ വേഷമാണ് അപർണ അവതരിപ്പിച്ചത്. കുറഞ്ഞ ചെലവിൽ ഒരു എയർലൈൻ ആരംഭിക്കാൻ തീരുമാനിച്ച മാരനുമായുള്ള അവളുടെ വിവാഹത്തെ കേന്ദ്രീകരിച്ചാണ് ചിത്രം. വളരെ ശക്തയായ ഒരു സ്ത്രീ കഥാപാത്രം ആയിരുന്നു അപർണ അവതരിപ്പിച്ച ബൊമ്മി. തന്റെ ഭർത്താവ് ജീവിതത്തിന്റെ പല ഘട്ടങ്ങളിലും തകർന്ന് പോയപ്പോൾ കൈതാങ് ആയത് ബൊമ്മിയായിരുന്നു. ഈ ചിത്രത്തിലെ ബൊമ്മിയുടെ മാരനായി അഭിനയിച്ച തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയ്ക്ക് മികച്ച നടനുള്ള ദേശിയ അവാർഡ് ലഭിച്ചത് മറ്റൊരു പ്രത്യേകത കൂടിയാണ്. അപർണയ്ക്ക് കഥാപാത്രത്തിലേക്ക് വരാൻ വളരെ കഠിനാധ്വാനം ചെയ്യേണ്ടിവന്നു. ബൊമ്മിയായി മാറാൻ അപർണ നേരിട്ട വെല്ലുവിളികളിൽ മുൻപന്തിയിൽ നിന്നിരുന്നത് ഭാഷയാണ്.
മധുരൈ തമിഴ് ഭാഷാഭേദം ശരിയാക്കാൻ ഒന്നിലധികം വായനാ സെഷനുകളും ഭാഷാ തിരുത്തലുകളും ഉണ്ടായിട്ടുണ്ടെന്ന് അപർണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. തന്റെ ഭാഷയിലെ തെറ്റുകൾ തിരുത്താൻ ടൺ കണക്കിന് ഭാഷാ വിദഗ്ധരും നാട്ടുകാരും ഉണ്ടായിരുന്നുവെന്നും അപർണ പറഞ്ഞിരുന്നു. അപർണയിൽ നിന്ന് ബൊമ്മിയിലേക്കുള്ള യാത്ര കഠിനമായിരുന്നുവെന്നും മറ്റൊരു ചിത്രത്തിന് വേണ്ടിയും ഇത്രയേറെ താൻ കഷ്ടപെടേണ്ടിവന്നട്ടില്ലെന്നും അപർണ ബാലമുരളി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നൃത്തവും അഭിനയവും മറ്റ് വ്യായാമങ്ങളും ഉൾപ്പെടുന്ന ബൊമ്മിയുടെ കഥാപാത്രത്തിലേക്ക് പ്രവേശിക്കാൻ താരം 7 ദിവസത്തെ അഭിനയ വർക്ക്ഷോപ്പും നടത്തിയിരുന്നു.
ജയൻ ശിവപുരം സംവിധാനം ചെയ്ത യാത്ര തുടരുന്നു (2013) എന്ന മലയാള ചിത്രത്തിലൂടെയാണ് അപർണ തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത് . 2016 ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം ,2017 ലെ സൺഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിലെ സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷക മനസുകൾ കീഴടക്കിയ നടിയാണ് അപർണ ബാലമുരളി. അഭിനയത്രി എന്നതിലുപരി മലയാളത്തിന്റെ സ്വന്തം പിന്നണി ഗായികയും നിർത്തകിയുമൊക്കെയാണ് അപർണ. മഴപ്പാടും കുളിരായി , തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി , മൗനങ്ങൾ മിണ്ടുമൊരി, തുടങ്ങിയ നിരവധി ഗാനങ്ങൾ പാടി വളരെ കുറച്ചു കാലംകൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ ഈ തൃശ്ശൂർക്കാരിക്ക് സാധിച്ചു.
റിപ്പോർട്ട് : ചൈതന്യ രമേശ്