മുംബൈ: മറാത്ത സംവരണ പ്രശ്നത്തിന് പരിഹാരമാകാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകരിലൊരാള്‍ കൂടി ജീവനൊടുക്കി. ഉമേഷ് അത്മരാം എന്ന ഇരുപത്തിയൊന്നുകാരനാണ് ഔറംഗാബാദിലെ വീട്ടില്‍ തൂങ്ങി മരിച്ചത്.
മറാത്ത സംവരണവുമായി ബന്ധപ്പെട്ട് ജീവനൊടുക്കുന്ന ആറാമത്തെയാളാണ് ഉമേഷ്. സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സംവരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗം പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.
നേരത്തെ, സമരക്കാര്‍ ഔറംഗാബാദില്‍ ട്രക്കിനും പൊലീസിന്റേയും അഗ്നിശമന സേനയുടേയും വാഹനങ്ങള്‍ക്ക് തീയിട്ടിരുന്നു. മറാത്ത വിഭാഗത്തെ വഞ്ചിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാപ്പുപറയുന്നതുവരെ പ്രക്ഷോഭം തുടരുമെന്നായിരുന്നു സമരാനുകൂലികള്‍ വ്യക്തമാക്കിയത്.
സമരത്തിനിടെ ശിവസേന എം.പി ചന്ദ്കാന്ത് ഖൈറെയെ പ്രക്ഷോഭകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ ബസുകളും സ്വകാര്യ വാഹനങ്ങളും സമരക്കാര്‍ തകര്‍ത്തിരുന്നു.