ദേശീയ പുരസ്‌കാരം നേടിയ കോര്‍ട്ട് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ വീര സാഥിദാര്‍ വിടവാങ്ങി. കഴിഞ്ഞ എട്ടു ദിവസങ്ങളായി കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം തിങ്കളാഴ്ച അര്‍ധരാത്രിയാണ് അന്തരിച്ചത്.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പുറംചട്ടകളെ തകര്‍ത്ത് അതിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിയ സിനിമ. ദേശീയ പുരസ്‌കാരവും അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ അംഗീകാരവും നേടിയ മറാത്തി ചിത്രം കോര്‍ട്ടിലൂടെ ശ്രദ്ധേയനായ താരമാണ് വീര സാഥിദാര്‍. സിനിമയിലെ പ്രകടനത്തിലൂടെ 2014ല്‍ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരവും നിരൂപകപ്രശംസയും നേടിയ വീര സാഥിദാര്‍ ഇന്ത്യന്‍ സിനിമയുടെയും സാംസ്‌കാരിക ലോകത്തിന്റെയും മുഖമുദ്ര കൂടിയാണ്.
സിനിമാഭിനയത്തിലും കലാ- സാഹിത്യരംഗത്തും നാടന്‍പാട്ടുകളിലും ഒപ്പം സാമൂഹിക പ്രവര്‍ത്തകനായും മികച്ച സംഭാവനകളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. ഇവയില്‍ എഴുത്തുകാരനായും ഗായകനായും അദ്ദേഹം നിര്‍ണായക സാന്നിധ്യമായിരുന്നു. 1960ല്‍ നാഗ്പൂരിലാണ് ജനനം. ആദ്യകാലത്ത് കന്നുകാലി വളര്‍ത്തി ഉപജീവനമാര്‍ഗം കണ്ടെത്തി. പിന്നീട് നാടന്‍പാട്ടുകളിലും സംഗീതത്തിലുമുള്ള താല്‍പര്യം അദ്ദേഹത്തെ കലാരംഗത്ത് എത്തിച്ചു.
സിനിമയില്‍ അദ്ദേഹം ശ്രദ്ധ നേടുന്നത് ചൈതന്യ തംഹാനെ സംവിധാനം ചെയ്ത കോര്‍ട്ട് ചിത്രത്തിലെ മുഖ്യകഥാപാത്രമായ നാരായണ്‍ കാംബ്ലെയിലൂടെയാണ്. ഒരു സാമൂഹിക പ്രവര്‍ത്തകനെ സാമൂഹികദ്രോഹിയായി മാറ്റുന്ന ജനാധിപത്യ വ്യവസ്ഥയും, നിരപരാധിയായ ഒരു പൗരന് ലഭിക്കേണ്ട നീതിയില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ വരുത്തുന്ന കാലതാമസവുമെല്ലാം കോര്‍ട്ട് വ്യക്തമായി കാണിച്ചുതരുന്നു.നാടകീയ മുഹൂര്‍ത്തങ്ങളില്ലാതെ ഒരു കോടതിമുറിക്കുള്ളിലെ സംഭവങ്ങള്‍ വളരെ സ്വാഭാവികതയോടെ അവതരിപ്പിച്ച ആക്ഷേപഹാസ്യ ചിത്രം കൂടിയായിരുന്നു കോര്‍ട്ട്.
സിനിമയില്‍ എടുത്തുപറയേണ്ടത് നാരായണ്‍ കാംബ്ലെ എന്ന കഥാപാത്രത്തിനെ തന്നെയാണ്. രാജ്യത്തെ ദാരിദ്ര്യത്തെയും ജാതീയതയെയും തൊഴിലില്ലായ്മയെയും കുറിച്ച് കവിതയെഴുതിയ നാരായണ്‍ കാംബ്ലെയെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. മുംബൈയിലെ ഓടയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ തൊഴിലാളിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് അയാള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കെട്ടിവക്കുന്നു.
കാംബ്ലെ പ്രവര്‍ത്തിച്ച സംഘടനയുടെയും അയാളുടെ കൈവശമുള്ള പുസ്തകങ്ങളെയും തുറുപ്പ്ചീട്ടാക്കിയാണ് കോടതിയില്‍ നാരായണ്‍ കാംബ്ലെക്കെതിരെയുള്ള വാദം. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയപ്പെടുന്ന സര്‍ക്കാരിന്റെ നടപടികളെയും ഭരണകൂടത്തെയും കോര്‍ട്ടില്‍ കാംബ്ലെയുടെ അഭിഭാഷകന്‍ പൊളിച്ചടുക്കുന്നു.
വളരെ പ്രൊഫഷണലായ താരങ്ങളൊന്നുമില്ലാതെ ചൈതന്യ തംഹാനെ ഒരുക്കിയ ചിത്രത്തിലെ നാരായണ്‍ കാംബ്ലെയിലൂടെയാണ് വീര സാഥിദാര്‍ ഇന്നും പ്രശംസിക്കപ്പെടുന്നത്. സിനിമയിലെ പ്രകടനത്തിന് താരം നിരൂപക പ്രശംസയും നേടി.വെനീസ് ഫിലിം ഫെസ്റ്റിവല്‍, സിംഗപ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ ചലച്ചിത്രമേളകളിലും നിറഞ്ഞ കയ്യടി നേടിയ ചിത്രം കൂടിയാണ് കോര്‍ട്ട്. ഐഎഫ്എഫ്‌കെയില്‍ മാറ്റുരച്ച ചിത്രത്തിലെ അഭിനേതാവിനെ അതിനാല്‍ തന്നെ മലയാളത്തിനും സുപരിചിതമാണ്.