ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കിസാന്‍ സേനയിലെ ഇരുപതിനായിരത്തോളം അംഗങ്ങള്‍ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തും. നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി പ്രതിഷേധസമരം തുടരുന്നതിനിടെയാണ് കിസാന്‍ സേനയുടെ മാര്‍ച്ച് ഉത്തര്‍ പ്രദേശില്‍ നിന്നെത്തുന്നത്.
മഥുര, ഫിറോസാബാദ്, ഹാഥ്‌റാസ്, മീററ്റ്, മുസാഫര്‍ നഗര്‍ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന ബ്രജ് മേഖലയില്‍ നിന്നുള്ള കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് കിസാന്‍ സേന കണ്‍വീനര്‍ ഠാക്കുര്‍ ഗൗരി ശങ്കര്‍ സിങ് അറിയിച്ചു. മാര്‍ച്ചിന് അനുമതി തേടി അധികൃതര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചിന് അനുമതി ലഭിച്ചില്ലെങ്കിലും കൃഷി മന്ത്രി നരേന്ദ്രസിങ് തോമറുമായി കൂടിക്കാഴ്ച നടത്താന്‍ കിസാന്‍ സേനയുടെ 20,000 അംഗങ്ങള്‍ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.