ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ; കെഎസ്യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. പൊലീസിന് നേരെ മുളകുപൊടി പ്രയോഗവും ഗോലിയേറും നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന തീരുമാനത്തിലാണ് പൊലീസ്. ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.

പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചായിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്. മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ കെഎസ്യു പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചു. ശക്തമായ ജലപീരങ്കി പ്രയോഗത്തില്‍ കെഎസ്യു വനിതാ പ്രവര്‍ത്തകര്‍ അടക്കം നിലത്തുവീണ് പരിക്കേറ്റിരുന്നു.

മുട്ടത്തോടിനകത്ത് മുളകുപൊടി നിറച്ച് പൊലീസിന് നേരെ പ്രയോഗിച്ചെന്നാണ് കരുതുന്നത്. അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ കെഎസ്യു ശ്രമിച്ചെന്നായിരുന്നു പൊലീസ് ആരോപണം. ഭാരമുള്ള ഗോലികളും പ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. തങ്ങളെ അക്രമിക്കാന്‍ കെഎസ്യു പ്രവര്‍ത്തകര്‍ കരുതിയതാണ് ഇതെന്ന് അന്ന് തന്നെ പൊലീസ് ആരോപിച്ചിരുന്നു.

Top