തമിഴ് സിനിമയിലെ മികച്ച സംവിധായകരിലൊരാളാണ് മാരി സെല്‍വരാജ്. ധ്രുവ് വിക്രമിനൊപ്പമാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. സ്‌പോര്‍ട്‌സ് ഡ്രാമയായ സിനിമയ്ക്ക് ശേഷം ധനുഷിനൊപ്പം അദ്ദേഹം ഒരു സിനിമ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ധനുഷിനൊപ്പമുള്ള സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജിന്റെ അടുത്ത ചിത്രം കാര്‍ത്തിക്കൊപ്പമായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കാര്‍ത്തിയുടെ ഇരുപത്തിയെട്ടാമത് ചിത്രമായിരിക്കുമിത്. നിലവില്‍ നളന്‍ കുമാരസ്വാമി, പ്രേം കുമാര്‍ എന്നിവര്‍ക്കൊപ്പം കാര്‍ത്തി കൈ കൊടുത്തിട്ടുണ്ട്. ഈ സിനിമകള്‍ക്ക് ശേഷമായിരിക്കും മാരി സെല്‍വരാജ് ചിത്രം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ മറ്റു വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന.
അതേസമയം മാരി സെല്‍വരാജ്-ധ്രുവ് വിക്രം ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആരംഭിക്കും. പ്രശസ്ത കബഡി പ്ലേയര്‍ മാനത്തി ഗണേശന്റെ ജീവിതമാണ് ചിത്രത്തില്‍ മാരി സെല്‍വരാജ് ഒരുക്കുന്നത്. ഏകദേശം 80 ദിവസങ്ങള്‍ അടുത്ത് ചിത്രീകരണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സന്തോഷ് നാരായണന്‍ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാരി സെല്‍വരാജ് നേരത്തെ പ്രഖ്യാപിച്ച ധനുഷ് ചിത്രത്തിന്റെ തയാറെടുപ്പുകള്‍ ഇതിനിടയില്‍ പൂര്‍ത്തിയാക്കും. ഈ ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. ധനുഷ് ചിത്രം പ്രഖ്യാപിച്ച ശേഷം ഷൂട്ടിങ് പൂര്‍ത്തിയായ ‘വാഴൈ’ ഈ വര്‍ഷം ഒടിടിയില്‍ എത്തും. മാരി സെല്‍വരാജ് തന്നെയാണ് ‘വാഴൈ’യുടെ നിര്‍മ്മാണം.