ധ്രുവ് വിക്രത്തെ നായകനാക്കി പുതിയ ചിത്രവുമായി മാരി സെൽവരാജ്

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ധ്രുവ് വിക്രം നായകനാകും. 2023ലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. പുതിയ ചിത്രം ഒരു ബയോപിക് ആയിരിക്കുമെന്ന് മാരി സെൽവരാജ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമ ഒരു സ്പോർട്സ് ചിത്രമായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

നിലവിൽ ‘മാമന്നൻ’ എന്ന സിനിമയാണ് മാരി സെൽവരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കീർത്തി സുരേഷ്, വടിവേലു തുടങ്ങിവരായും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാമന്നന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷമായിരിക്കും പുതിയ സിനിമ ആരംഭിക്കുക.

‘മഹാൻ’ ആണ് ധ്രുവ് വിക്രം അഭിനയിച്ച അവസാന ചിത്രം. വിക്രമും ധ്രുവും പ്രധാന കഥാപാത്രങ്ങളായ ചിത്രം കാർത്തിക് സുബ്ബരാജ് ആണ് സംവിധാനം ചെയ്തത്. ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരും സിനിമയിൽ അണിനിരന്നു. ഫെബ്രുവരി 10ന് ആമസോൺ പ്രൈമിലൂടെയാണ് മഹാൻ റിലീസ് ചെയ്തത്.

 

Top