മാധ്യമപ്രവര്‍ത്തകരായ മരിയ റെസ്സക്കും ദിമിത്രി മുരടോവിനും സമാധാന നോബല്‍

സ്വീഡന്‍: ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ‘ധീരമായ പോരാട്ടത്തിന്’ ഫിലിപ്പൈന്‍സിലെയും റഷ്യയിലെയും മാധ്യമപ്രവര്‍ത്തകരായ മരിയ റെസ്സയും ദിമിത്രി മുരാറ്റോവും സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടി. ‘ജനാധിപത്യവും പത്രസ്വാതന്ത്ര്യവും ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ലോകത്ത് ഈ ആദര്‍ശത്തിനായി നിലകൊള്ളുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിനിധികള്‍’ ആണ് ഇരുവരും എന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു.

അധികാര ദുര്‍വിനിയോഗം, അക്രമത്തിന്റെ ഉപയോഗം, സ്വന്തം നാടായ ഫിലിപ്പൈന്‍സില്‍ വളരുന്ന സ്വേച്ഛാധിപത്യം എന്നിവ റെസ തുറന്നുകാട്ടി. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം നടത്തുന്ന റാപ്ലര്‍ എന്ന ഡിജിറ്റല്‍ മീഡിയ കമ്പനിയുടെ സഹ സ്ഥാപകയാണ് റെസ. 2012 ലാണ് ഇത് തുടങ്ങിയത്. ദിമിത്രി ആന്‍ഡ്രീവിച്ച് മുരടോവ് റഷ്യയിലെ നോവജ ഗസറ്റ എന്ന പത്രത്തിന്റെ സഹ സ്ഥാപകനാണ്. സമിതിയുടെ അഭിപ്രായത്തില്‍, ഇത് ഇന്ന് രാജ്യത്തെ ഏറ്റവും സ്വതന്ത്ര പത്രമാണ്.

329 പേരില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. കാലാവസ്ഥാ ആക്റ്റിവിസ്റ്റ് ഗ്രേറ്റ തന്‍ബെര്‍ഗ്, മാധ്യമ അവകാശ സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്‍എസ്എഫ്), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എന്നിവരും ഈ വര്‍ഷത്തെ മത്സരാര്‍ത്ഥികളായിരുന്നു.

‘രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിനായി ഏറ്റവും മികച്ചപ്രവര്‍ത്തനങ്ങള്‍’ നടത്തിയ ഒരു വ്യക്തിയെയോ സംഘടനയെയോ ബഹുമാനിക്കുന്ന പുരസ്‌കാരം കഴിഞ്ഞ തവണ യു.എന്നിന്റെ ലോക ഭക്ഷ്യ സംഘടനക്കായിരുന്നു.

Top