Maria Sharapova received a two-year suspension from the International Tennis

ലണ്ടന്‍ : ഉത്തേജകമരുന്നു ഉപയോഗിച്ചതിന് പിടിയിലായ റഷ്യന്‍ വനിതാ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് രണ്ടു വര്‍ഷത്തേക്കു വിലക്ക്. 2016 ജനുവരി 26 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ നടത്തിയ ഉത്തേജകമരുന്നു പരിശോധനയില്‍ പിടിയിലായതോടെ താല്‍ക്കാലിക വിലക്കിന്റെ പിടിയിലായിരുന്നു മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ ഷറപ്പോവ.ഇതോടെ 2018 ജനുവരി 26 നേ ഷറപ്പോവയുടെ വിലക്ക് അവസാനിക്കൂ.

വിലക്കിനെതിരെ അപ്പീല്‍ പോകാന്‍ ഷറപ്പോവയ്ക്ക് അവസരമുണ്ട്. ഇതോടെ റിയോ ഒളിമ്പിക്‌സില്‍ ഷറപ്പോവ കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പയി. കഴിഞ്ഞ തവണ താരം ഒളിമ്പിക്‌സില്‍ വെള്ളി നേടിയിരുന്നു.

വഞ്ചിക്കുവാന്‍ ഉദ്ദേശിച്ചല്ല ചെയ്തതെങ്കിലും മരുന്നു കഴിച്ചതിന്റെയും അതുവഴി തെറ്റു വരുത്തിയതിന്റെയും ഉത്തരവാദിത്തം ഷറപ്പോവയ്ക്കുതന്നെയാണ് ടെന്നീസ് ഫെഡറേഷന്റെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ വിലക്കിനെ കായിക കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഇപ്പോള്‍ 26ാം റാങ്കിലുള്ള ഷറപ്പോവ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രക്തത്തില്‍ നിരോധിത മരുന്നായ മെല്‍ഡോണിയത്തിന്റെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് ലോക ടെന്നീസ് ആരാധകരെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ ഷറപ്പോവ നടത്തിയത്.

10 വര്‍ഷത്തോളമായി താന്‍ കഴിക്കുന്ന മരുന്നാണു വില്ലനെന്നും ഇതു ലോക ഉത്തേജമരുന്നു വിരുദ്ധ ഏജന്‍സി (വാഡ) നിരോധിത മരുന്നുകളുടെ പട്ടികയില്‍ പെടുത്തിയത് അറിഞ്ഞില്ലെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

2016 ജനുവരി ഒന്നിനു പുതുക്കിയ പട്ടികയിലാണ് വാഡ മെല്‍ഡോണിയത്തെയും ഉള്‍പ്പെടുത്തിയിരുന്നത്.രണ്ടു വര്‍ഷവിലക്കു ഫലത്തില്‍ ഷറപ്പോവയ്ക്ക് ടെന്നീസില്‍നിന്നു പുറത്തേക്കുള്ള വഴിയായിരിക്കുമെന്നാണു സൂചന. ഇപ്പോള്‍ 29 വയസ്സുള്ള താരം 31 വയസ്സിനുശേഷം മല്‍സരരംഗത്തു തിരിച്ചെത്തി കളം പിടിക്കുക പ്രയാസമാണെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.

35 ഡബ്‌ള്യുടിഎ കിരീടങ്ങള്‍ നേടിയ ഷറപ്പോവ അഞ്ചു ഗ്രാന്‍സ്‌ലാം കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കരിയര്‍ ഗ്രാന്‍സ്‌ലാം സ്വന്തമാക്കിയ 10 വനിതാതാരങ്ങളിലൊരാള്‍ ഒരാളാണിവര്‍.

Top