വിദ്യാര്‍ഥികള്‍ ഇടപ്പെട്ടു; ചോദ്യപേപ്പറെന്ന വ്യജേന ഹോസ്റ്റല്‍ മുറിയിലൊളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തു

marijuana

ഹൈദരാബാദ്: വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ മുറിയില്‍ ഒളിപ്പിച്ച 100 കിലോ കഞ്ചാവ് പിടിച്ചെടുത്തു. തെലുങ്കാനയിലെ ഗായത്രി ജൂനിയര്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നാണ് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്.

വിദ്യാര്‍ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഹോസ്റ്റല്‍ വാര്‍ഡനാണ് കട്ടിലിന് അടിയില്‍ ഇത് ഒളിപ്പിച്ച് വെച്ചതെന്ന് കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ചോദ്യപ്പേപ്പറുകള്‍ ആണെന്ന് പറഞ്ഞാണ് വാര്‍ഡന്‍ കഞ്ചാവ് കെട്ടുകള്‍ കട്ടിലിന് താഴെ ഒളിപ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ത്താമെന്ന് കരുതി തുറന്നു നോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പോയ സമയത്താണ് കഞ്ചാവ് കട്ടിലിന് അടിയില്‍ വെച്ചത്. പൊലീസ് സ്ഥലത്തെത്തി സാധനം പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പ് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ഇതിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കെട്ടുകെട്ടുകളായി അടുക്കിവെച്ചിരുന്ന 100 കി.ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതില്‍ ഉണ്ടായിരുന്നത്. ഹോസ്റ്റല്‍ വാര്‍ഡന്‍ കോളേജില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നതായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഹോസ്റ്റല്‍ വാര്‍ഡനായ നാഗയ്യയ്ക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Top